ഞെട്ടിപ്പിച്ച്‌, ത്രില്ലടിപ്പിച്ച്‌ വീണ്ടും മലയാളത്തിൽ ഒരു ക്രൈം ത്രില്ലർ; അതി ഗംഭീരം ഈ കനക

ഞെട്ടിപ്പിച്ച്‌, ത്രില്ലടിപ്പിച്ച്‌ വീണ്ടും മലയാളത്തിൽ ഒരു ക്രൈം ത്രില്ലർ; അതി ഗംഭീരം ഈ കനക

അന്യഭാഷയിൽ നിന്ന് വരുന്ന പുതിയ ത്രില്ലർ സിനിമകൾ കണ്ട്, നമ്മുടെ മലയാളത്തിൽ ഇനിയെന്നാണ് ഇതുപോലൊരു ചിത്രം എന്ന് ചിന്തിച്ച മലയാളിക്ക് അഭിമാനപൂർവ്വം പറയാനൊരു ഹ്രസ്വ ചിത്രം. അതിനേക്കാളുപരി പ്രമേയം കൊണ്ടും ഏറെ പുതുമകൾ അവകാശപ്പെടാൻ സാധിക്കുന്ന ഈ ചിത്രത്തിൽ ഒരേ സമയം സിനിമയും, സംവിധായകനും പ്രതീക്ഷകൾക്ക് അപ്പുറം നിക്കുകയാണ്. ഈ അടുത്തകാലത്ത് മലയാളത്തിൽ കണ്ട ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “കനക” കഥാതന്തുകൊണ്ട് നമ്മെ അതിശയിപ്പിക്കുകയാണ്. [ VIDEO ] കാണാം:

ശിവപ്രസാദ് കാശിമാങ്കുളം സംവിധാനം ചെയ്ത ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ഷോർട്ട് ഫിലിമാണ് “കനക”. കാണാതായ സുഹൃത്തിന്റെ അമ്മയെ തേടി അന്വേഷണങ്ങളുമായി പുറപ്പെടുന്ന രണ്ട് കുട്ടികൾ ഒരു സീരിയൽ കില്ലറെ കണ്ടെത്താൻ ശ്രെമിക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം. കേന്ദ്ര കഥാപാത്രമായ റിയാൻ പ്രേക്ഷകന്റെ പ്രതിനിധിയായി മാറുന്നു എന്നതാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഞെട്ടിക്കുന്ന ട്വിസ്റ്റുകളും, സംഭവങ്ങളുമായി കഥ മുന്നോട്ട് പോകുന്നു. ടെക്നിക്കുകളും, വിഷ്വലുകളും ,കഥയുമെല്ലാം ഗംഭീരമായി.

ത്രില്ലറുകൾ എന്നുവെച്ചാൽ വെറും അന്വേഷണാത്മക ചിത്രങ്ങൾ എന്ന സ്ഥിതി മാറുകയാണ്. കുറ്റവാളിയും, ക്രൈം തെളിയിക്കാനെത്തുന്ന പോലീസുകാരനും തമ്മിലുള്ള ഏണിയും പാമ്പും കളിയും എന്നതിൽ നിന്ന് പ്രേക്ഷകരെ അമ്പരപ്പിക്കാൻ പറ്റുന്ന മറ്റ് മേഖലകളിലേക്ക് കൂടി മാറിയിരിക്കുകയാണ് ത്രില്ലറുകൾ. അങ്ങനെ വ്യത്യസ്ത ആടയാഭരണങ്ങളണിഞ്ഞു നമുക്ക് മുൻപിലേക്കെത്തുന്ന ഒരു ക്രൈം ത്രില്ലർ ഷോർട്ട് ഫിലിമാണ് “കനക”.

എല്ലാ ത്രില്ലറുകളുടെയും തുടക്കം ഗംഭീരമായിരിക്കും, ചോദ്യങ്ങൾ ചോദിച്ച് ഉധ്വേഗഭരിതമായ സന്ദർഭങ്ങളിലൂടെ സഞ്ചാരം തുടങ്ങും, പക്ഷേ ഒടുക്കം ഉത്തരം തേടുമ്പോൾ പലതും കൈവിട്ടു പോകും. ത്രില്ലർ കഥകൾ സത്യത്തിൽ സിനിമ ഒരുക്കുന്നവരും, പ്രേക്ഷകരും തമ്മിലുള്ള ഒരു മത്സരമാണ്. സംവിധായകനും, തിരക്കഥാകൃത്തും ഒരുക്കിവെച്ചിട്ടുള്ള ഊരാക്കുടുക്കുകൾ ഒരുവശത്ത്. കഥ തീരും മുൻപ് തന്നെ മനസ്സുകൊണ്ട് ക്ലൈമാക്സ്‌ ഊഹിച്ചെടുക്കാൻ ശ്രമിക്കുന്ന പ്രേക്ഷകർ മറുവശത്ത്. അത്തരത്തിൽ ഒരു മത്സരം നേരിടാൻ ഒരുങ്ങി തന്നെയാണ് കനകയുടെ വരവെന്ന് നിസ്സംശയം പറയാം. ഊഹങ്ങളെ കാറ്റിൽ പറത്തി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയാണ് കനക മുന്നേറുന്നത്. അന്വേഷണവും ദുരൂഹതയും നിറയുന്ന ഗംഭീരമായ ഫസ്റ്റ് ഹാഫും, കണ്ടെത്തലുകളും ത്രില്ലിംഗും കൂടെ ഇമോഷന്‍സിനും പ്രാധാന്യം നല്‍കിയ രണ്ടാം പകുതിയുമാണ് കനകയ്ക്കുള്ളത്. അത് കൊണ്ട് തന്നെ അതിലെ രംഗങ്ങളെല്ലാം പ്രേക്ഷകനോട് കൂടുതല്‍ സംവദിക്കുന്നുണ്ട്.

ഛായാഗ്രഹണവും, എഡിറ്റിംഗും ,പശ്ചാത്തല സംഗീതവും കനക എന്ന ഷോർട്ട് ഫിലിമിന്റെ വിജയ ഘടകങ്ങളായി മാറുന്നു. സി ഐ ഡി എന്നറിയപ്പെടുന്ന റിയാൻ എന്ന കഥാപാത്രത്തെ ശിവ ഹരിഹരൻ മനോഹരമാക്കി എന്ന് തന്നെ പറയാം, മികച്ച വേഷങ്ങളിൽ ഒന്ന്. കനക എന്ന കഥാപാത്രമായി മാറിയ മായ ആൻ ജോസഫ് മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. കനകയുടെ മകനായ രാജയുടെ വേഷത്തിൽ യോഗയും തിളങ്ങി. മറ്റുള്ള എല്ലാ കഥാപാത്രങ്ങളുടെയും പ്രകടനം പ്രേക്ഷകരുടെ മനസിൽ ഇടം നേടുന്നു.

ഛായാഗ്രഹണം സരിൻ രവീന്ദ്രനും, എഡിറ്റിംഗ് അഫ്‌സൽ മനത്താനത്തും, പശ്ചാത്തല സംഗീതം, SFX & ശബ്ദ ലേഖനം എന്നിവ റിജോ ജോണും, കോസ്റ്റും വിനീത് ദേവദാസും നിർവ്വഹിക്കുന്നു. ജിതിൻ എം ആണ് പ്രൊഡക്ഷൻ കൺട്രോളർ. സൈലന്റ് മേക്കേഴ്‌സ് പിക്ചേഴ്സും, എം ഫോർ മെമ്മറീസ് പ്രൊഡക്ഷൻസും, സനിൽ സത്യദേവ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൈലന്റ് മേക്കേഴ്‌സ് പിക്‌ചേഴ്‌സാണ്.