എൻ്റെ ഗോതമ്പ്മണി – Malayalam Love Story

എൻ്റെ ഗോതമ്പ്മണി – Malayalam Love Story

പത്താം ക്ലാസ്സ് കഴിഞ്ഞ് ട്യൂടോറിയൽ കോളേജിൽ പഠിച്ചോണ്ടിരിക്കുമ്പോഴാണ് അമ്മാവൻ ബോംബയിൽ ഒരു ജോലി തരപ്പെടുത്തി തന്നത്. കുടുംബത്തിലെ കഷ്ടപ്പാടിന്റെ ഇടയ്ക്ക് കരകേറാൻ ഒരവസരം വന്നപ്പോ പിന്നൊന്നും നോക്കില്ല്യ നേരെ വണ്ടി കേറി ലാലേട്ടൻ കേറിയ പോലെ ബോംബെയിലേക്ക്. ആഡംബരത്തിന്റെ നാട് മാത്രല്ല ബോംബെ ജീവിക്കാൻ കഷ്ടപ്പെടുന്നവരുടേം കൂടിയാണെന്ന് ഞാൻ മനസിലാക്കിയതും അപ്പോഴാണ്.അമ്മാവന്റെ കെയർഓഫിൽ ഒരു ജോലി കിട്ടിയത്കൊണ്ട് എനിക്കത്ര ബുധിമുട്ടുണ്ടായില്ല നല്ല ജോലി, തരക്കേടില്ലാത്ത ശമ്പളം, സ്നേഹമുള്ള മുതലാളിയും കുടുംബവും സാറിന്റെ മകളുടെ കല്യാണം കഴിഞ്ഞ് ഒരു വർഷം തികയുന്നു. നാട്ടിൽ ഇനിയും അമ്മ കഷ്ടപ്പെടണത് ശെരിയല്ലലോ അതുകൊണ്ട് അമ്മയെ ഇനി പണിക്ക് വിടണില്ല ബന്ധുവീട്ടിലാണേലും അടുക്കളപണി ചെയ്ത് അമ്മ കഷ്ടപ്പെടരുത് എന്ന് തീരുമാനിച്ചു ഇനിയുള്ള കാലം അമ്മ വിശ്രമിക്കട്ടെ.

ഒരു വർഷം കഴിഞ്ഞപ്പോ മുതലാളിയുടെ മകളുടെ ഭർത്താവ് കമ്പനികാര്യങ്ങളിൽ ഇടപെടാൻ തുടങ്ങി പതിയെ പതിയെ പല മാറ്റങ്ങളും സംഭവിച്ചു സംഗതിയൊക്കെ മാറി മുതലാളിക്ക് എന്തൊക്കയോ പ്രശ്നങ്ങൾ ബിസിനസ് നഷ്ടത്തിൽ ആകാൻ തുടങ്ങുന്നു എന്തെങ്കിലും ചെയ്ത് പിടിച്ചു നിൽക്കണം ബിസിനസ് തിരികെ കൊണ്ട് വരാൻ സാധിക്കുമോ എന്ന് എനിക്കറിയില്ല അത്കൊണ്ട് താൻ മറ്റൊരു ജോലി നോക്കണം എന്ന് എന്നോട് പറഞ്ഞു. എല്ലാം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരികെ പോവേണ്ടി വരുമോ എന്നായി ഭയം. നാട്ടിലെ അമ്മേടെ ജോലി ഞാൻ പറഞ്ഞിട്ടാണ് വേണ്ടാന്നു വെച്ചത് ആകെ മൊത്തം കഷ്ടത്തിലായി. പുതിയൊരു ജോലി എങ്ങനെ തരപ്പെടുത്തും എന്നറിയില്ല അതിനേക്കാൾ മുതലാളിയുടെ സങ്കടം എന്നെ വല്ലാതെ വേദനിപ്പിച്ചു എങ്ങനെയെങ്കിലും അദ്ദേഹത്തെ സഹായിക്കണം എന്ന് തോന്നി.ഞങ്ങൾ എല്ലാവരും ചേർന്ന് കമ്പനിയെ പഴയ ലാഭത്തിൽ കൊണ്ടുവരാൻ തീരുമാനിച്ചു രാവും പകലും കഷ്ടപ്പെട്ടു. മുതലാളിയും ഞങ്ങളുടെ കൂടെ തന്നെ നിന്നു. ആദ്യം കുറേ കഷ്ടപ്പെടേണ്ടി വന്നു എന്നാലും പിടിച്ചു നിക്കാതെ വഴിയില്ലല്ലോ. എന്തായാലും പണിയെടുത്തതിന് ഫലം ഉണ്ടായി മൂന്ന് വർഷത്തെ കഷ്ടപ്പാട് കൊണ്ട് കമ്പനി ലാഭത്തിൽ എത്തി.

മുതലാളിക്ക് എന്തെന്നില്ലാത്ത സന്തോഷം,ഞങ്ങൾക്ക് വേണ്ടി കമ്പനിക്കാർ ഒരു ഫ്ലാറ്റ് എടുത്തു തന്നു അങ്ങനെ ഗലിയിൽ നിന്നും ഞങ്ങൾ ഫ്ലാറ്റിലേക്ക് എത്തി. വർഷങ്ങൾക്ക് ശേഷം സന്തോഷത്തോടെ അന്ന് രാത്രി ഞങ്ങൾ ഉറങ്ങി. പിറ്റേന്ന് രാവിലെ വാതിലിൽ മുട്ടുന്നത് കേട്ടാണ് എഴുനേൽക്കുന്നത്. വാതിൽ തുറന്നപ്പോ നല്ല സുന്ദരമായ കാഴ്ച ഒരു സുന്ദരിക്കുട്ടി അവൾ ഹിന്ദിയിൽ ന്തൊക്കെയോ പറയുന്നുണ്ട് ദേഷ്യപ്പെട്ട് ന്തൊക്കെയോ പറഞ്ഞിട്ട് അവൾ പോയി. പക്ഷെ അവൾ പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല. കുറച്ച് കഴിഞ്ഞ് വളരെ മാന്യനായി തോന്നിക്കുന്ന ഒരാൾ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് കയറിവന്നു. ആദ്യം തന്നെ ഞങ്ങളോട് ക്ഷമ പറഞ്ഞു പക്ഷെ എന്തിനാണെന്നൊന്നും മനസിലായില്ല. നേരത്തെ വന്ന പെൺകുട്ടിയുടെ അച്ഛനാണ് താനെന്നും,അവർ ഹിന്ദിക്കാർ ആണെന്നും,ഞങ്ങളുടെ നേരെ എതിരെയുള്ള ഫ്ലാറ്റിലാണ് താമസം എന്നും പറഞ്ഞു. തലേ ദിവസം ഞങ്ങളുടെ ഫ്ലാറ്റ് വൃത്തിയാക്കിയപ്പോൾ ഞങ്ങൾ അറിയാതെ അവരുടെ ഫ്ലാറ്റിലേക്ക് വെള്ളം ഒഴുകിപോയിരുന്നു രാവിലെ കോളേജിൽ പോകാനിറങ്ങിയ അദ്ദേഹത്തിന്റെ മകൾ അതിൽ വഴുതി വീഴുകയും ചെയ്തു അതിന്റെ വഴക്കാണ് രാവിലേ കേട്ടതെന്ന് സത്യത്തിൽ അപ്പോഴാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. കാര്യങ്ങളെല്ലാം പറഞ്ഞ് കഴിഞ്ഞ് അദ്ദേഹം മകളെ അകത്തേക്ക് വിളിച്ചു പരിചയപ്പെടുത്തി ‘ധൃതി’ നമ്മുടെ നാട്ടിൽ ക്ഷമായില്ലാത്തവരെ പറയുന്നതാണെങ്കിൽ അവിടെ ക്ഷമയുള്ളവൾ എന്നാണ് ‘ധൃതി’എന്ന പേരിന്റെ അർത്ഥം.

എന്തായാലും പരസ്പരം ഞങ്ങൾ ക്ഷമ പറഞ്ഞു. ഞങ്ങളെ അദ്ദേഹം ഫ്ലാറ്റിലേക്ക് ക്ഷണിച്ചു അങ്ങനെ ഒരു പുതിയ സൗഹൃദത്തിന് അവിടെ തുടക്കമായി. മലയാളികളെ അവർക്ക് വലിയ കാര്യമാണ് ഞാൻ തരക്കേടില്ലാതെ പാചകം ചെയ്യും ‘ധൃതി’ ക്കും പാചകം ഇഷ്ടമാണ് പാചകം മാത്രല്ല വാചകവും പാട്ടും ഡാൻസും എല്ലാം കയ്യിലുള്ള ഒരു മിടുക്കികുട്ടി അവളോട് എന്തെന്നില്ലാത്ത ഒരു സ്നേഹം തോന്നി ‘ഉണ്ടക്കണ്ണി’ അവളെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. ദിവസങ്ങൾ കടന്നുപോകവേ അവളും ഞാനും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നത് പോലെ തോന്നി. ഞങ്ങൾ പോലും അറിയാതെ പരസ്പരം ഞങ്ങൾ അടുത്തു പക്ഷെ അതൊന്നും പറഞ്ഞില്ല. അന്നത്തെ കാലത്ത് ഫോൺ ഒന്നും അധികം ഇല്ല ഒരു ദിവസം പെട്ടന്ന് നാട്ടിൽ നിന്ന് ഒരു ഫോൺ കാൾ വന്നു ഒരു അത്യാവശ്യമുണ്ട് വേഗം വരാൻ പറഞ്ഞു. ആ തിടുക്കത്തിൽ ആരോടും യാത്രപോലും പറയാൻ നിക്കാതെ ഞാൻ നാട്ടിലേക്ക് തിരിച്ചു….
*****************

നാട്ടിൽ എന്താണ് സംഭവിച്ചതെന്ന് ഒരു പിടി ഇല്ല മനസ്സിൽ എന്തെന്നില്ലാത്ത ഒരു ആതി. ചെന്നുകേറുമ്പോൾ വീട്ടിൽ കുറേ ആളുകൾ പെട്ടന്ന് എന്റെ ഹൃദയത്തിന്റെ മിടിപ്പ് കൂടി. ആ നീ വന്നുവോ സരസ്വതിക്ക് നിന്നെ കാണണം എന്ന് പറഞ്ഞു ഭയങ്കര കരച്ചിൽ… പെറ്റവയറല്ലേ നിന്നെ കാണാഞ്ഞിട്ടുള്ള ആതിയാണ് ഇനിയിപ്പോ അമ്മേടെ കൂടെ കുറച്ച് നാൾ നിന്നിട്ടൊക്കെ മടങ്ങിയ മതി…അമ്മ കിടപിലാണ് വയ്യ വാർഥക്യത്തിന്റെ പരാദീനതകൾ… അതിനേക്കാൾ വിഷമിപ്പിച്ച വാർത്ത ചെന്നിറങ്ങിയതിന്റെ പിറ്റേന്നാണ് ഞാൻ അറിയുന്നത് അമ്മ എന്റെ കല്യാണം ഉറപ്പിച്ചു കഴിഞ്ഞു. പെണ്ണിന്റെ വീട്ടുകാർക്ക് വാക്ക് കൊടുത്തു കഴിഞ്ഞു പിടിച്ചാപിടിയാലേ എന്റെ കല്യാണം നടത്തണം എന്ന വാശിയിലാണ്…പെട്ടന്ന് ദേഷ്യമോ സങ്കടമോ ഒക്കെ വന്നു. അമ്മയോട് എല്ലാം തുറന്ന് പറയാമെന്നു കരുതി പക്ഷെ അമ്മയുടെ മുഖത്ത് നോക്കി എല്ലാം പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അത് അമ്മയോടുള്ള പേടികൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ട്. ഇത്രയും നാൾ എന്റെ ഇഷ്ടങ്ങൾ സാധിച്ചു തരാൻ വേണ്ടി വല്ലവരുടെയും അടുക്കളപുറത്തു കിടന്ന് കഷ്ടപ്പെട്ടതാണ് ആ പാവം. ഇപ്പോ അമ്മയുടെ ഒരു ഇഷ്ടത്തിന് ഞാൻ എതിർ നിൽക്കുന്നത് ശെരിയല്ല എന്നൊരു ചിന്ത ഒപ്പം അമ്മയുടെ ആരോഗ്യവും മോശമാണ്.. അതേസമയം എന്റെ മനസ് അവളെ ആഗ്രഹിക്കുന്നുണ്ടായിരുന്നു. അവളെ എനിക്ക് ഇഷ്ടമായിരുന്നു എന്ന് അവളോട് പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. വേണ്ട…അവളറിയണ്ട അറിയാഞ്ഞത് നന്നായി എന്തിനാ അവളെക്കൂടി വേദനിപ്പിക്കണത്… എന്നാലും പിരിയുമ്പോൾ ഒരു വാക്കുപോലും പറയാൻ സാധിച്ചില്ല. ഇനി അവളെ കാണുമോ എന്നുപോലും അറിയില്ല… ഉള്ളിലെ സങ്കടം അടക്കിപിടിച്ചു… വയ്യാതെ വന്നപ്പോ കുറേ കരഞ്ഞു….

അച്ഛാ…. അച്ഛാ… എഴുന്നേക്ക്..( അയാൾ പതിയെ കണ്ണുകൾ തുറന്നു…)അത് ശെരി പിറന്നാളായിട്ട് അച്ഛൻ കിടന്ന് ഉറങ്ങാണോ.. ദേ അമ്മേം അച്ഛമ്മേം ഞാനും കൂടെ അമ്പലത്തിൽ പോയിട്ട് വന്നു….മോൾ എന്റെ കൈപിടിച്ചു മുറ്റത്തേക് ഇറങ്ങി..എത്രപെട്ടന്നാണ് വർഷങ്ങൾ കടന്നുപോയത് … എന്തൊക്കെ കാര്യങ്ങൾ സംഭവിച്ചു എന്തൊക്കെ മാറ്റങ്ങൾ എനിക്കുണ്ടായി…സംഭവിച്ചതെല്ലാം ആലോചിക്കുമ്പോ തന്നെ ചിരിവരുന്നു ജീവിതം അങ്ങനെയാണ് നമ്മൾ പ്രതീക്ഷിക്കാത്ത പലതും കൊണ്ട്തരും. ഓരോ അരിമണിയിലും അത് ഭക്ഷിക്കേണ്ടവന്റെ പേരുണ്ട് എന്ന് പറയാറുണ്ട്. പക്ഷെ എനിക്ക് ദൈവം കണ്ടുവെച്ചത് അരിമണിയല്ല ഗോതമ്പ് മണിയാണ് നല്ല ബോംബെ വാല ഗോതമ്പ്മണി….ആ ഗോതമ്പ്മണി ഇതാ എനിക്കുള്ള പായസവും പ്രസാദവും വാങ്ങി പടിപ്പുര കടന്നുവരുന്നു… (ഒരു മന്ദഹാസം അയാളുടെ മുഖത്ത് വിരിഞ്ഞു )ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത രണ്ടുപേർ കണ്ടുമുട്ടുന്നു പരസ്പരം പറയാതെ സ്നേഹിക്കുന്നു ഒരിക്കലും ഇനി കാണില്ല എന്ന് വിഷമിച്ചിടത്ത് നിന്ന് എന്റെ ജീവിതത്തിന്റെ ഭാഗമാകുന്നു എല്ലാം ഒരു സ്വപ്നം പോലെ…അതാണ് ജീവിതം… ചേരേണ്ടത് ചേരേണ്ടിടത്ത് ചേരേണ്ടുന്ന സമയത്ത് വന്നു ചേരും,എന്റെ ഉണ്ടക്കണ്ണിയെ പോലെ….

——മാനസി