കാണാമറയത്ത് – മണ്മറഞ്ഞ സ്വപ്‌നങ്ങൾ – Malayalam Story

കാണാമറയത്ത് – മണ്മറഞ്ഞ സ്വപ്‌നങ്ങൾ – Malayalam Story

കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരൻ വീട്ടിൽ വന്നിരുന്നു ഇതുവഴി പോയപ്പോൾ കുശലം ചോദിക്കാമെന്ന് കരുതിക്കാണും..കക്ഷി ഒരു യാത്രയിലാണ് ലോകം ചുറ്റാൻ പോകുന്നു അതിന് മുന്നോടിയായി ഒരു ചെറിയ യാത്ര സ്വന്തം നാടൊക്കെ കാണാൻ.. “നിന്റെ കൂടെ കൂടീട്ടാ ശെരിക്കും ഞാൻ യാത്രകൾ ആസ്വദിച്ചു തുടങ്ങീത് ഇപ്പോ ഈ യാത്ര എന്റെ ഒരു ഭാഗമാടോ എന്നെ ലഹരിപ്പിടിപിക്കുന്ന സന്തോഷവാനാക്കുന്ന യാത്രകൾ.. അതൊക്കെയിരിക്കട്ടെ നീ എവിട്യ അവസാനയായിട്ട് പോയത് “ഒരു ചെറിയ പുഞ്ചിരിയോടെ ഞാൻ അന്ന് മുഖം കുനിച്ചിരുന്നു… കാരണം അവന്റെ ചോദ്യത്തിന് മറുപടി എന്ത് പറയണം എന്നെനിക്ക് അറിയില്ലായിരുന്നു..

ഞാൻ എന്നും യാത്രകളെ ഒരുപാട് സ്നേഹിച്ചിരുന്നു.കാരണം യാത്രകളോളം പാഠങ്ങൾ പറഞ്ഞുതരാൻ മറ്റൊന്നിനും സാധിക്കില്ല.പുതിയ കാഴ്ചകൾ, അനുഭവങ്ങൾ, മനുഷ്യർ, സ്വഭാവങ്ങൾ എല്ലാം കാണാനും അനുഭവിച്ചറിയാനും ഒരുപാട് മോഹം… .പക്ഷെ എന്റെ ആ ആത്മാവിനെ ഞാൻ എവിടെയോ ഉപേക്ഷിച്ചു…ജീവിതത്തിൽ പ്രാരാബ്ദങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു അതിന്റെ ഇടയിൽ ഞാനും ഒരു സാധാരണ മനുഷ്യനായി.. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു, ആരൊക്കെയോ ജീവിതത്തിലൂടെ കടന്നുപോയി അവരുടെ മനസ് വായിക്കാനും എനിക്ക് സാധിച്ചില്ല എന്തിന് എന്റെ മനസിന്റെ ആശകൾ പോലും ഞാൻ തിരിച്ചറിഞ്ഞില്ല…

ജീവിതം വളരെ വലുതാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ ജീവിതം വളരെ ചുരുങ്ങിയ കാലയളവ് മാത്രമാണ് ആ കാലയളവിൽ ആഗ്രഹങ്ങൾ കണ്ടെത്തുകയും അതിനായി സമയം കണ്ടെത്തുകയും ചെയ്യുന്നവർ എത്രത്തോളമുണ്ട് എന്ന് എനിക്കറിയില്ല..ഇന്ന് എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എനിക്കൊന്നും കാണാൻ സാധിക്കുന്നില്ല..യാത്രപോകാൻ കുറേ കാശ് വേണം എന്ന തോന്നൽ ഉണ്ട്.കാശില്ലാത്തത് കൊണ്ടാണ് ഞാൻ യാത്രകൾ പോകാത്തത് എന്നത് ഒരു ന്യായീകരണം അല്ല കള്ളമാണ്. പ്രൈയോറിറ്റിയാണ് മാറേണ്ടത്.

സ്വന്തം സന്തോഷത്തിനും ആഗ്രഹങ്ങൾക്കും ഞാൻ പ്രൈയോറിറ്റി നൽകിയിരുന്നെങ്കിൽ ഇന്ന് ഞാൻ നിരാശനാവില്ലായിരുന്നു എന്ന് തോന്നിപോകുന്നു…ഏതൊരാളും ജീവിതത്തിന്റെ അവസാനം ഒരു യാത്ര പോകും.അന്ന് കാണാനും അറിയാനും അനുഭവിക്കാനും ആഗ്രഹങ്ങൾ ബാക്കിയാകരുത്.ഇപ്പോൾ ആ യാത്ര എന്റെ മുന്നിലാണ് ഉള്ളത്. ആരുമില്ലാതെ ഒറ്റയ്ക്കാണ് പോകുന്നത്.. ഏതെല്ലാം സ്ഥലങ്ങൾ കാണുമെന്നു അറിയില്ല ആരെയൊക്കെ കണ്ടുമുട്ടും എന്നറിയില്ല എങ്ങോട്ടാണെന്ന് പോലും അറിയാത്ത ഒരു യാത്ര..

ഞാൻ കാണാതെയും കേൾക്കാതെയും അറിയാതെയും പോയ എത്രയോ കാര്യങ്ങൾ, അനുഭവിക്കാതെ പോയ എത്രയോ നല്ല നിമിഷങ്ങൾ എല്ലാം ഉള്ളിൽ ഒരു കുറ്റബോധമായി അവശേഷിക്കുന്നു .ഈ സമയം ഏറ്റവും വലിയ ഭാഗ്യമെന്തെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും,മണ്മറഞ്ഞു പോകും മുന്നെ ഈ ഭൂമിയിലെ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്നതിൽപരം വേറെന്ത് വലിയ ഭാഗ്യമാണ് ഒരാൾക്കു കിട്ടേണ്ടത്..കാരണം ഇനിയെനിക്ക് കാണാമറയത്തെ കാഴ്ചകളും യാത്രകളുമെ ഉള്ളു..