തുടിക്കുന്ന ആത്മാവുള്ള ഒരു ഭാർഗ്ഗവി നിലയം.. ഈ വീടും, ഇവിടുത്തെ ആളുകളുമെല്ലാം നിഗൂഢമാണ് [ VIDEO ] കാണാം

തുടിക്കുന്ന ആത്മാവുള്ള ഒരു ഭാർഗ്ഗവി നിലയം.. ഈ വീടും, ഇവിടുത്തെ ആളുകളുമെല്ലാം നിഗൂഢമാണ് [ VIDEO ] കാണാം

മെർഡർ പരമ്പര നടത്തിയ ഒരു പ്രതിയെ കാണാൻ 21 വർഷങ്ങൾക്കിപ്പുറം ഒരു നോവലിസ്റ്റ് കാടിന് നടുവിലുള്ള അയാളുടെ വീട്ടിലേക്ക് എത്തിച്ചേരുന്നു. അവിടെ വെച്ച് നിഗൂഢമായ പല കാര്യങ്ങൾക്കും അയാൾ സാക്ഷിയാകുന്നു. അയാളുടെ മൊബൈലിൽ ലഭിക്കുന്ന സന്ദേശത്തിലൂടെ താൻ എത്തിപ്പെട്ടിരിക്കുന്നത് ഭീകരത നിറഞ്ഞ ഒരു സ്ഥലത്താണെന്നും, തന്റെ കൂടെയുള്ളത് കൊലപാതക പരമ്പരയിൽ ജയിലിൽ കിടന്ന പ്രതിയാണെന്നും എഴുത്തുകാരൻ തിരിച്ചറിയുന്നു. പിന്നീട് അവിടെ നിന്നും പുറത്ത് കടക്കാനുള്ള അയാളുടെ ശ്രമങ്ങൾ തുടങ്ങുന്നു… ശേഷമുള്ള കാര്യങ്ങൾ വീഡിയോയിൽ കാണാം:

ഇതൊരു പഴയ വീടാണ്, പറയാൻ ഏറെ കഥകളുള്ള. ഉള്ളിൽ എപ്പോഴും തുടിക്കുന്ന ആത്മാവുള്ള ഒരു ഭാർഗവി നിലയം. ഈ വീടും ഇവിടുത്തെ ആളുകളുമെല്ലാം നിഗൂഢമാണ്. ജയിൽ മോചിതനായ ശേഷം വനത്തിനുള്ളിൽ ഒരു വീട്ടിൽ താമസിക്കുന്ന ഭദ്രൻ എന്ന വ്യക്തിയെ കാണാനും, അയാളെ പറ്റിയുള്ള നിഗൂഢമായ വിവരങ്ങൾ അറിയാനും നോവലിസ്റ്റായ ശരത് കാടിനുള്ളിലെ അയാളുടെ വീട്ടിലേക്ക് എത്തിച്ചേരുന്നത് അയാളുടെ പുസ്തകങ്ങളുടെ പ്രസാധകന്റെ നിർദേശപ്രകാരമാണ്. എന്നാൽ അവിടെ എത്തിയ ശേഷം ഭദ്രനോട് സംസാരിച്ച ശരത്തിന് അയാൾ സാധാരണക്കാരനല്ല എന്നും അയാളിൽ എന്തോ നിഗൂഢതകൾ നിറഞ്ഞിരിക്കുന്നുണ്ട് എന്നും മനസ്സിലാകുന്നു. അയാളുടെ സംസാരവും, വീട്ടിലെ ആളുകളുടെ പെരുമാറ്റവുമെല്ലാം അതിന് അടിവരയിടുന്നു. ഇവിടെ വന്നവർക്ക് തിരിച്ചു പോകാൻ ബുദ്ധിമുട്ട് തോന്നാറുണ്ട് എന്ന് ഭദ്രൻ പറയുമ്പോൾ ശരത് ഭയപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്. അതേ ഈ വീടും ഇവിടുത്തെ ആളുകളുമെല്ലാം നിഗൂഢമാണ്.

പ്രിയചന്ദ്രൻ പേരയിൽ സംവിധാനം ചെയ്ത “വേട്ട” എന്ന ത്രില്ലർ ഷോർട്ട് ഫിലിമിലെ ചില പ്രസക്തമായ ഭാഗങ്ങളാണ് മുകളിൽ വിവരിച്ചത്. ത്രില്ലർ ഗണത്തിൽപ്പെടുന്ന ഷോർട്ട് ഫിലിം എന്നതിന് പുറമേ അക കാഴ്ച്ചയിൽ മനോഹരമായ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം സംസാരിക്കാനാണ് സംവിധായകൻ പ്രിയൻ ശ്രമിച്ചിട്ടുള്ളത്. തനിക്ക് പറയാനുള്ള വിഷയം ത്രില്ലർ എന്ന ജോണറിനുള്ളിൽ അവതരിപ്പിക്കാനുള്ള ശ്രമം. നാഗരികതയിൽ നശിച്ചു പോകുന്ന പ്രകൃതിയെ പറ്റി വേവലാതിപ്പെടുന്ന പ്രകൃതിയുടെ വേട്ടക്കാരന്റെ കഥ. ഇത്തരമൊരു വിഷയം ആദ്യമായിട്ടാകും ത്രില്ലർ ഗണത്തിലേക്ക് അവതരിപ്പിക്കപ്പെടുന്നത് ചർച്ച ചെയ്യുന്ന പ്രമേയത്തെ പ്രേക്ഷകരിലേക്കെത്തിക്കാൻ ഇത്തരമൊരു ശ്രമം നടത്തിയ സംവിധായകനും, എഴുത്തുകാരനും ഒരു കയ്യടി നൽകിയേ മതിയാകൂ.

സംവിധായകനായ പ്രിയചന്ദ്രൻ പേരയിലിനൊപ്പം, ജിജി തോമസും ചേർന്നാണ് വേട്ടയുടെ കഥയൊരുക്കിയിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ ദൃശ്യ വത്കരിക്കുക എന്നത് ഏറെ ശ്രമകരമാണെങ്കിൽ കൂടി ഇവിടെ അതിൽ അണിയറ പ്രവർത്തകർ പൂർണ്ണമായും വിജയിച്ചു എന്ന് തന്നെ വിലയിരുത്താം. കാരണം പ്രമേയത്തിലേക്ക് നേരിട്ട് കടക്കാതെ അൽപ്പം ഫാന്റസിയും, ഹൊററും, സസ്പെൻസുമെല്ലാം നിലനിർത്തിക്കൊണ്ടാണ് വേട്ട ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കണ്ട് തീരുന്നത് വരെ ചിത്രം എങ്ങനെ അവസാനിക്കുമെന്ന് ഒരു എത്തും പിടിയും കിട്ടില്ല എന്ന് സാരം.

പ്രകൃതിയുടെ ചിതയിലല്ലേ നഗരങ്ങൾ ഉണ്ടാകുന്നത് ?
പ്രകൃതിയെ ബാധിച്ച ക്യാൻസറായ പുഴുക്കുത്തെന്ന മനുഷ്യനെ മുറിച്ചു മാറ്റണം. നാഗരികതയിൽ എരിഞ്ഞു തീരുന്ന പ്രകൃതിയുടെ ചിതയിൽ വേട്ടയ്ക്കിറങ്ങുന്ന ഒരു വേട്ടക്കാരന്റെ കഥയാണ് “വേട്ട”. പ്രകൃതിയെ കാർന്നു തിന്നുന്ന ക്യാൻസറിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ അവൻ വേട്ട തുടങ്ങുകയാണ്. നിയമത്തിന്റെ മുൻപിൽ അയാൾ വില്ലനായിരിക്കും, എന്നാൽ പ്രകൃതിയ്ക്ക് അയാൾ നായകനാണ്. ഭൂമിയുടെ അവകാശികളായി സ്വയം അവരോധിച്ച് വായുവും, വെള്ളവും അതിനേക്കാൾ ഏറെ ജീവനും നശിപ്പിച്ച് അതിനെ പരിണാമം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഇന്നത്തെ തലമുറയെ പ്രത്യക്ഷമായി വിമർശിക്കാനുള്ള ശ്രമത്തിനൊപ്പം, സാങ്കേതിക തികവും സമന്വയിപ്പിച്ച “വേട്ട”.

ഫ്രാങ്ക്‌ളിൻ ന്റെ ഛായാഗ്രഹണം വേട്ടയ്ക്ക് മിഴിവേകുമ്പോൾ ഇജാസ് നൗഷാദിന്റെ എഡിറ്റിങ്ങും, DI -യും വേട്ടയെ അതിന്റെ പൂർണതയിലേക്ക് എത്തിക്കുന്നു. ഷിയാദ് കബീറിന്റെ സംഗീതവും എടുത്തു പറയേണ്ടത് തന്നെയാണ്. ഓരോ നിമിഷവും പ്രേക്ഷകന്റെ ഉള്ളിൽ ചങ്കിടിപ്പ് കൂട്ടാൻ സാധിക്കുന്നു. ചെറിയ ചലനങ്ങൾ പോലും സൂഷ്മമായി പകർത്തി സൗണ്ട് ഡിസൈനർ ഷെഫിൻ മയനും തന്റെ മികവ് തെളിയിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടർ അഖിൽ അനിൽകുമാർ. കലാ സംവിധായകൻ മുരളീ കൃഷ്‌ണനും, വിഎഫ് എക്സ് സബിൻ ജോൺസണും അവരുടെ ജോലികൾ മികവുറ്റതാക്കി.

ഭദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മുനവർ ഉമർ കയ്യടി നേടുമ്പോൾ, ശരത് എന്ന നോവലിസ്റ്റിന്റെ വേഷത്തിലെത്തി സംവിധായകൻ പ്രിയചന്ദ്രനും പക്വതയുള്ള പ്രകടനം കാഴ്ചവെച്ചു. ദേവി എന്ന കഥാപാത്രത്തെ അരുണ രാജീവും, ഇന്ദുചൂഡൻ എന്ന കഥാപാത്രത്തെ പ്രശാന്ത് കെ പി യും മികവുറ്റതാക്കി. പേരയിൽ പ്രൊഡക്ഷൻസാണ് “വേട്ട” നിർമ്മിച്ചിരിക്കുന്നത്. ത്രില്ലർ ഷോർട്ട് ഫിലിമുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഷോർട്ട് ഫിലിമാണ് “വേട്ട”.