Home Videos Music Video ഈ ഓണക്കാലത്തും അച്ഛനെയും അമ്മയെയും മറന്ന മക്കൾക്കൊരു ഗാനം | ഓണമാണ്

ഈ ഓണക്കാലത്തും അച്ഛനെയും അമ്മയെയും മറന്ന മക്കൾക്കൊരു ഗാനം | ഓണമാണ്

8 second read
0
0

അങ്ങനെ വീണ്ടും ഒരോണക്കാലം കൂടി നമ്മുടെയെല്ലാം ജീവിതത്തിൽ നിന്ന് കടന്നു പോയി. പൊതുവേ ഓണമെന്നാൽ ഒത്തുചേരലിന്റെയും, ആഘോഷത്തിന്റെയുമൊക്കെ പൊലിമ കൂട്ടിയുള്ള കഥകളാണല്ലോ നാം നിരന്തരം കേൾക്കാറുള്ളത്. എന്നാൽ നമുക്ക് ചുറ്റും, നമ്മൾ സൗകര്യപൂർവം ഒഴിവാക്കുന്ന ഒരു വിഭാഗം മനുഷ്യരുണ്ട്. പഴയ നന്മയുള്ള ഓണക്കാലത്തിന്റെ  ഓർമ്മകളിൽ നീറി ജീവിക്കുന്ന നിരവധി മുത്തച്ഛന്മാരും, മുത്തശ്ശിമാരും, അച്ഛന്മാരും, അമ്മമാരുമൊക്കെ. ഈ ഓണക്കാലത്തും  വിദൂരതയിലുള്ള മക്കളുടെ ഒരു ഫോൺ കാൾ എങ്കിലും പ്രതീക്ഷിക്കുന്ന, പേരക്കിടാങ്ങളുടെ സാമീപ്യം അരികിൽ ആഗ്രഹിക്കുന്ന, എത്രയെത്ര ജന്മങ്ങൾ. അത്തരത്തിൽ ഒരു ഒറ്റപ്പെടലിന്റെ വേദനയിലേക്കും, ഒപ്പം ഓണത്തിന്റെ ഗൃഹാതുരതയിലേക്കും നമ്മെ വീണ്ടും കൈ പിടിച്ചു കൊണ്ടുപോകുന്ന മനോഹരമായ ഒരു ഗാനമാണ്  “ഓണമാണ് “.

“ഓണമാണ് വീണ്ടും ഓണമാണ് വേണമായുസെന്ന തോന്നലാണ് ” എന്ന വരികളിൽ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ഗാനത്തിന്റെ വരികൾ  ജീവിതസന്ധ്യയിൽ ഒറ്റപ്പെട്ടുപോയ ഒരു മുത്തശ്ശന്റെ വേദനകളും, വ്യാകുലതകളുമാണ് പറയുന്നത്. വാർദ്ധക്യത്തിൽ സ്വന്തം പ്രിയതമയില്ലാതെ,  താങ്ങായി സ്വന്തം മക്കളില്ലാതെ.. ഓണനാളിൽ വീടിന്റെ മുറ്റത്തു പൂക്കളമിടാൻ പേരക്കിടാങ്ങൾ  ഇല്ലാതെ, ഓണത്തിനെ വരവേൽക്കുന്ന ഒരു സാധു മനുഷ്യന്റെ വിങ്ങലുകൾ കോർത്തിണക്കിയ ഹൃദയം തകർക്കുന്ന ഒരു ദൃശ്യാവിഷ്കാരമാണ്  സംവിധായകൻ ഹരി എം മോഹനൻ നമുക്കായി ഒരുക്കിയത്. ജീവിത സന്ധ്യകളിൽ ഒറ്റയ്ക്കായി പോകുന്നവർ എങ്ങനെയാണ് ആഘോഷങ്ങളെ നോക്കി കാണുന്നതെന്ന സത്യം തുറന്നുകാട്ടുന്ന വരികള്‍ രചിച്ചിരിക്കുന്നത് കവിപ്രസാദാണ്. വിദ്യാധരൻ മാസ്റ്ററിന്റെ സംഗീതവും ആലാപനവും കൂടിയാകുമ്പോൾ നിങ്ങളുടെ കണ്ണുകള്‍ ഈറനണിയുമെന്നതിൽ സംശയമില്ല.

പ്രതീക്ഷയുടെയും വേദനകളുടെയുമൊപ്പം ഗ്രാമീണഭംഗിയെയും മനോഹരമായി ഒപ്പിയെടുത്ത ഛായാഗ്രാഹകൻ സ്വരൂപ്‌ ഫിലിപ്പിന് അഭിനന്ദനങ്ങൾ. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എം പി മോഹനൻ എന്ന നടൻ പ്രേക്ഷകരുടെ നെഞ്ചിൽ ഒരു തേങ്ങൽ അവശേഷിപ്പിക്കും എന്നതിൽ തർക്കമില്ല. ശില്പ ബേബിയും, ഹരി എം മോഹനനും തിരക്കഥ രചിച്ചിരിക്കുന്ന ഗാനത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് കോപ്പി ബുക്സ് ഫിലിംസാണ്.  7 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ “കാപി ചാനല്‍” എന്ന  യൂട്യൂബ്  ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

Load More Related Articles
Load More By theneram
Load More In Music Video

Leave a Reply

Your email address will not be published. Required fields are marked *

Check Also

അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ, സിനിമയിലെ ‘ശ്രീവല്ലി’ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സ്റ്റൈലിഷ് സൂപ്പർസ്റ്റാർ അല്ലു അർജുൻ നായകനായി എത്തി രശ്‌മിക മന്ദാന നായികയാകുന്ന പുഷ്പ സിനി…