ഒരു നല്ല മനുഷ്യൻ – എന്നെ ഞാനാക്കിയ കഥ | Malayalam Story

ഒരു നല്ല മനുഷ്യൻ – എന്നെ ഞാനാക്കിയ കഥ | Malayalam Story

ഒരു നല്ല മനുഷ്യൻ ✨

പൊട്ടി പെണ്ണെ….എടി ചെവിപൊട്ടി…എന്നെ എന്നും വേട്ടയാടിയിരുന്ന വിളികൾ. കേൾക്കാൻ കഴിയില്ലെങ്കിലും ദൈവം കണ്ണ് തന്നല്ലോ കളിയാക്കലുകൾ കണ്ടും അറിഞ്ഞും മടുത്തുപോയ നിമിഷങ്ങൾ ഉണ്ട്. എനിക്കും എല്ലാവരേം പോലെ പാട്ടുകൾ കേൾക്കണം, ആളുകളുടെ സംസാരം കേൾക്കണം, എനിക്ക് ചുറ്റുമുള്ള പ്രകൃതിയിലെ പല പല ശബ്ദങ്ങൾ കേൾക്കണം പക്ഷെ….അരവയർ നിറക്കാൻ കഷ്ടപ്പെടുന്ന അച്ഛനോട് എനിക്ക് കേൾവി വേണം എന്ന അതിമോഹം ഞാൻ എങ്ങന്യാ പറയ്യ്യ.. ഈ പൊട്ടി പഠിച്ചിട്ട് ഇപ്പോ എന്ത് നേടാനാണ് ഇതിനെക്കൊണ്ടൊന്നും പഠിക്കാൻ പറ്റില്ല്യ,ഇവിടെ നേരെ ചൊവ്വേ കണ്ണും കാതും ഉള്ളോർക്ക് തന്നെ പഠിക്കാൻ കഷ്ടാണ് അപ്പളാ…

സ്കൂളിൽ ചേർക്കാൻ കൊണ്ടോയ അച്ഛനെ അവിടെത്തെ മാഷ് ഇറക്കിവിട്ടത് ഞാൻ ഇന്നും ഓർക്കുന്നു. പല സ്കൂളിലും കയറിയിറങ്ങി നടന്നപ്പോളും എനിക്ക് ശക്തി തന്നത് എന്റെ അച്ഛന്റെ പിന്തുണ തന്ന്യാണ്…വല്ല തയ്യലോ കൈപ്പണിയോ പഠിപ്പിക്കു പണിക്കരെ.. അല്ലാണ്ട് ചെവി കേക്കാത്ത ഈ കുട്ടി ഇപ്പോ എന്ത് പഠിക്കാനാ, ന്ത്‌ ജോലി ചെയ്യാനാ.. നിരന്തരം കുത്തിനോവിക്കുന്ന വാക്കുകൾക്കിടയിലും അച്ഛന്റെ ചുണ്ടുകൾ എന്നോട് പറഞ്ഞത് ഇങ്ങനെയാണ് ‘വിദ്യാധാനം സർവധനാൽ പ്രധാനം ‘ആര് എന്ത് പറഞ്ഞാലും പിന്മാറരുത് നേടണം നേടി കാണിക്കണം. എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതും ആ വാക്കുകൾ തന്നെയാണ്.

ടീച്ചർ പറഞ്ഞു തന്നത് ചുണ്ടുകൾ നോക്കി പഠിച്ചപ്പോൾ, റോഡിലൂടെ നടക്കുമ്പോൾ വണ്ടി ഇടിക്കാൻ വന്നിട്ടും അറിയാതെ പോയപ്പോൾ, കേൾവിയില്ലാത്ത പെണ്ണിനെ മുതലെടുക്കാൻ പലരും ശ്രമിച്ചപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചു ഇനി ഒരാളും കേൾവിയില്ലാത്തതുകൊണ്ട്, കാഴ്ചയില്ലാത്തത്കൊണ്ട് അല്ലെങ്കിൽ മറ്റെന്തെങ്കിലും അംഗവൈകല്യം കൊണ്ട് മാറ്റിനിർത്തപെടരുത്, അവഗണിക്കപെടരുത്, മുതലെടുക്കപെടരുത് എന്ന്. അങ്ങനെയാണ് നിനദം എന്ന സംഘടന രൂപം കൊണ്ടത്.ജനിക്കുമ്പോൾ നമ്മുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ പല വിധത്തിലാണ് അതിൽ ഏറ്റവും പ്രധാനം നമ്മുടെ കുടുംബം തന്നെയാണ് കുടുംബത്തിന്റെ സാമ്പത്തല്ല പകരം കുടുംബം തന്നെയായിരിക്കണം നമ്മുടെ സമ്പത്,നമ്മളെ ഏത് പ്രതിന്ധിയിലും ചേർത്തുനിർത്തുന്ന കുടുംബം.

അതുപോലെ പൂർണ ആരോഗ്യം, നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും അതിന്റെതായ പ്രാധാന്യം ഉണ്ട് അതെല്ലാം അതിന്റെ സന്തുലിതാവസ്ഥയിൽ ആയിരിക്കുമ്പോ നമ്മുക്കതിന്റെ വില മനസിലാകില്ല. ജനിച്ചനാൾമുതൽ എല്ലാം കണ്ടും കേട്ടും വളർന്നു പെട്ടന്നൊരുനാൾ സ്വന്തം കാഴ്ചയോ കേൾവിയോ ചലനശേഷിയോ നഷ്ടപെടുന്നതിനെ കുറിച് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ..അങ്ങനെ ഒരു അവസ്ഥ നിങ്ങൾ ചിന്തിച്ചാൽ ഒരിക്കലും മറ്റൊരാളുടെ നഷ്ടത്തെ നിങ്ങൾക്ക് കളിയാക്കാൻ സാധിക്കില്ല. ഞങ്ങൾക്ക് വേണ്ടത് സിംപതി അല്ല ഞങ്ങളും മനുഷ്യരാണെന്ന പരിഗണന മാത്രമാണ്.അന്ന് എന്നെ ഇറക്കിവിട്ട ഈ സ്കൂളിന്റെ പ്രിൻസിപ്പലായി തന്നെ ഇന്ന് ഞാൻ സ്ഥാനം ഏൽക്കുമ്പോ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു മുഖമുണ്ട്.

മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരമടക്കം ഒരുപാട് പുരസ്‌കാരങ്ങൾ എന്നെ തേടിയെത്തി എന്നാൽ അതിനേക്കാൾ എല്ലാം ഉപരി എനിക്ക് ഏറ്റവും സംതൃപ്തി നൽകുന്ന, എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായി, സമ്മാനമായി ഞാൻ കരുതുന്ന ഒരു മുഖം അതിന്റെ ഉടമ ‘ഒരു നല്ല മനുഷ്യൻ’. സ്വയം സ്നേഹിക്കാൻ മറ്റുള്ളവരിലേക്ക് ആ സ്നേഹം എത്തിക്കാൻ എന്നെ പഠിപ്പിച്ച എന്റെ അച്ഛൻ.അച്ഛൻ എന്നെ വേർപിരിഞ്ഞിട്ട് വർഷങ്ങൾ പിന്നിടുന്നു എന്നാൽ അച്ഛൻ ഇന്നും ജീവിക്കുന്നു അച്ഛന്റെ നന്മകളിൽ.

നിങ്ങളും ജീവിക്കുക  നന്മകളിലൂടെ…