മസാല ദോശ വാങ്ങി കൊടുത്തില്ല; പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി ചാടിപ്പോയി. [ VIDEO ] കാണാം

മസാല ദോശ വാങ്ങി കൊടുത്തില്ല; പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി ചാടിപ്പോയി. [ VIDEO ] കാണാം

സംഗതി കള്ളനാണെങ്കിലും മിനിമോൻ ആളിച്ചിരി ഫൺ ആണ്. വെറുമൊരു മസാല ദോശ കഴിക്കണമെന്ന ചെറിയൊരു ആഗ്രഹം മാത്രമേ മിനിമോൻ പോലീസുകാരോട് ആവശ്യപ്പെട്ടുള്ളൂ. എന്നാൽ പോലീസുകാർ വാങ്ങി കൊടുത്തത് ചിക്കൻ റോൾ. ആഗ്രഹങ്ങൾക്ക് ഇങ്ങനെ വില പറഞ്ഞാൽ ഏത് പ്രതിയാണെങ്കിലും പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോകും. മൂത്രമൊഴിക്കാനാണെന്ന വ്യാജേനയാണ് കള്ളൻ മിനിമോൻ പൊലീസുകാരെ പറ്റിച്ചു കടന്നു കളഞ്ഞത്. രസകരമായ വീഡിയോ കാണാം:

ഏറെ നാളായി ഒരു കള്ളൻ കാണുന്ന സ്വപ്നം. കസ്റ്റഡിയിലുള്ള കള്ളനെ കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്കുള്ള യാത്ര മദ്ധ്യേയാണ് കള്ളൻ തന്റെ ആ വിചിത്ര സ്വപ്നം പോലീസുകാരോട് പറയുന്നത്. തനിക്കൊരു മസാല ദോശ കഴിക്കണം. എന്നാൽ ആകെ 40 രൂപ മാത്രമേ നിനക്ക് ചോറിന് ജയിലിൽ നിന്ന് തരുന്നത്, അത് നീ മനസ്സിലാക്കൂ.. എന്ന് പറയുമ്പോൾ വളരെ നിഷ്കളങ്കമായി അത് എന്റെ കുഴപ്പമാണോ സാറേ .. എന്ന് പരിഭവം പറയുന്ന കള്ളൻ. അതാണ്‌ മിനിമോൻ. തുടർന്ന് ആ യാത്രയിൽ നടക്കുന്ന വളരെ രസകരമായ ഒരു കള്ളനും പോലീസും കളിയാണ് ലജേഷ് ലക്ഷ്മണൻ സംവിധാനം ചെയ്ത “മിനിമോൻ” എന്ന ഹ്രസ്വ ചിത്രം പറയുന്നത്.

കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ സുരാജ് പോപ്സ് ആണ് ഈ ഷോർട്ട് ഫിലിമിൽ കള്ളന്റെ വേഷത്തിലെത്തുന്നത്. ഷോർട്ട് ഫിലിമുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു ചെറു പുഞ്ചിരിയോടെ കണ്ടു തീർക്കാവുന്ന ഒരു മനോഹരമായ ഹ്രസ്വ ചിത്രം എന്ന് തന്നെ “മിനി മോൻ” വിശേഷിപ്പിക്കാം. വളരെ സ്വാഭാവികത നിറഞ്ഞ ദൃശ്യങ്ങളും, സംഭാഷണങ്ങളും ഈ ഷോർട്ട് ഫിലിമിന് ഏതൊരു കാഴ്ചക്കാരന്റെയും ഫേവറേറ്റ് ലിസ്റ്റിൽ ഇടം നൽകും. അനാവശ്യമായി കുത്തിക്കയറ്റിയ സന്ദർഭങ്ങളോ, നാടകീയത നിറഞ്ഞ രംഗങ്ങളോ ഇല്ലാതെ വളരെ ലളിതമായി പറയാനുദ്ദേശിച്ച വിഷയം ദൃശ്യ വത്കരിക്കാൻ സാധിച്ചു എന്നതാണ് ഈ ഷോർട്ട് ഫിലിമിന്റെ വിജയം. സുരാജ് പോപ്സ് ഒരു രക്ഷയുമില്ല, ഭാവി സിനിമയുടെ വാഗ്ദാനം തന്നെയാണ് താൻ എന്ന് വീണ്ടും അടിവരയിടുന്ന പ്രകടനം തന്നെയാണ് മിനിമോൻ എന്ന കഥാപാത്രത്തിലൂടെയും കാഴ്ചവെച്ചിരിക്കുന്നത്.

പോലീസുകാരായി വേഷമിട്ട അരുൺ കേശവൻ, ഷാബു കെ മാധവൻ എന്നിവരുടെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെ. വളരെ തന്മയത്വത്തോടെ തങ്ങളുടെ വേഷം മികവുറ്റതാക്കാൻ ഇരുവരും ശ്രദ്ധിച്ചിട്ടുണ്ട്. സാങ്കേതിക മികവിലും ഒട്ടും പിന്നിലല്ല മിനിമോൻ. വളരെ ഒറിജിനാലിറ്റി തോന്നും വിധം രണ്ട് പോലീസുകാർ ഒരു കള്ളനെ ജയിലിലേക്ക് കൊണ്ട് പോകുന്നത് അവരറിയാതെ ക്യാമറ വെച്ച് ഷൂട്ട് ചെയ്‌താൽ എങ്ങനെയുണ്ടാകും ? അതേ ഏതാണ്ട് അതേപോലെയാണ്, ഈ ഹ്രസ്വ ചിത്രവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് മേനോനാണ്. സംഗീതം മുഹമ്മദ്‌ അലി.

 

എഡിറ്റിംഗ് ആനന്ദ് രാംദാസ്, ആർട്ട്‌ & കോസ്റ്റ്യൂം രാജേഷ് ഭാസ്കരൻ. സൗണ്ട് ഡിസൈൻ വിഘ്‌നേശ് രാധാകൃഷ്ണനും, രജീഷ് കെ രമണനും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. സൗണ്ട് മിക്‌സിംഗ് ഗണേഷ് മാരാർ. പോസ്റ്റർ & ടൈറ്റിൽ ഡിസൈൻ സുധീർ പി ബി. ടൈറ്റിൽ ഗ്രാഫിക്സ് ധനേഷ് പി മോഹനൻ. സ്റ്റിൽസ് ശ്രുതി അജയ്. പ്രൊഡക്ഷൻ കൺട്രോളർ ഉന്മേഷ് ഉണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രേമിഷ് വേണു. പച്ചക്കാല പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് വാരിയത്ത് ആണ് “മിനിമോൻ” നിർമ്മിച്ചിരിക്കുന്നത്.