ജാതി ഭ്രാന്തന്മാരെ എന്ന് തീരും നിങ്ങളുടെ കൊലവിളി; ശ്രദ്ധേയമായി ഷോർട് ഫിലിം

ജാതി ഭ്രാന്തന്മാരെ എന്ന് തീരും നിങ്ങളുടെ കൊലവിളി; ശ്രദ്ധേയമായി ഷോർട് ഫിലിം

ജാതിയാണോ, ദൈവമാണോ അതോ രാഷ്ട്രീയമാണോ ഏതാണ് ശരി? നമ്മൾ എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്ന വളരെ കാലിക പ്രസക്തമായ ഒരു വിഷയമാണ് നിരവധി അവാർഡുകൾ നേടിയ “അലങ്കാര പന്തൽ ” എന്ന ഈ തമിഴ് ഷോർട് ഫിലിം ചർച്ച ചെയ്യുന്നത്.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ പെരുമ പേറുന്ന തമിഴ് നാടിന്റെ ഉൾഗ്രാമത്തിൽ നടക്കുന്ന ഒരു കഥയാണിത്.
തന്റെ പിതാവിന്റെ മരണശേഷമുള്ള കർമ്മങ്ങൾ നിർവഹിക്കാനുള്ള അവകാശത്തിനായി പളനി എന്ന യുവാവ് നേരിടുന്ന പ്രതിസന്ധികളാണ് കഥയുടെ മർമ്മം.

എണ്ണ പെടാൻ കഴിയാത്ത കാലങ്ങൾക്കു മുൻപിൽ ആരൊക്കെയോ തുടങ്ങിവച്ച ആചാരങ്ങൾ തന്റെ പിതാവിന്റെ അന്തിമ യാത്രയ്ക്ക് തീർക്കുന്ന പ്രതിസന്ധികൾക്ക് മുൻപിൽ പളനി നിസ്സഹായനായി മാറുന്നത് ദയനീയ കാഴ്ചയാണ്.

ജാതി മത സ്വത്വ രാഷ്ട്രീയംഉപയോഗിച്ച് ഒരു മരണത്തിനെ വരെ എങ്ങനെ വോട്ടാക്കി മാറ്റാം എന്ന രാഷ്ട്രീയ കുറുക്കന്മാരെ അലങ്കാര പന്തൽ തുറന്നു കാട്ടുന്നുണ്ട്.

ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങൾക്ക് പിറകിൽ നമ്മുടെ അച്ഛനമ്മമാരുടെ വലിയ ത്യാഗം ഉണ്ടെന്നുള്ള സത്യം നാം മറന്ന്‌ പോകരുത്. നമുക്ക് നിസ്സാരം എന്ന് തോന്നിക്കുന്ന പലതും അവരുടെ ജീവിതത്തിലെ വലിയ സന്തോഷങ്ങൾ ആകാം. അത്തരം സന്തോഷങ്ങൾ ത്യജിച്ചു കൊണ്ടാണ് അവർ നമുക്ക് ഉന്നതങ്ങളിലേക്ക് പറക്കാനുള്ള ചവിട്ടു പടികളായി മാറുന്നത് എന്ന സത്യവും ഈ ഷോർട് ഫിലിം നമ്മെ ഓർമിപ്പിക്കുന്നു.

ഇതിൽ അഭിനയിച്ചിരിക്കുന്നു ഓരോ കഥാപാത്രവും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.
പളനി എന്ന കേന്ദ്ര കഥാപാത്രത്തിനെ അവതരിപ്പിച്ചിരിക്കുന്ന ഇളങ്കോയുടെ പ്രകടനം പ്രത്യേകം എടുത്ത്‌ പറയേണ്ടത് തന്നെ.

14 മിനിറ്റ് 51 സെക്കന്റ്‌ ദൈർഖ്യമുള്ള ചിത്രം എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് മുത്തുകൃഷ്ണ പളനിയാണ്. നിരവധി ദേശീയ അന്തർദേശിയ ഷോർട് ഫിലിം ഫെസ്റ്റിവലുകളിൽ “അലങ്കാര പന്തലിന് ” സെലെക്ഷൻ ലഭിക്കുകയും വിജയികളാവുകയും ചെയ്തിട്ടുണ്ട്.