പതിയെ ഞാൻ ആ വരാന്തയിലൂടെ നടന്നു…കളിച്ചും രസിച്ചും കടന്നുപോയ ആ കാലങ്ങളിലേക്ക് അറിയാതെ എന്റെ മനസ് യാത്രചെയ്തു.. ഒന്നിനെ കുറിച്ചും വേവലാത്തിയില്ലാതെ ചെറുപ്പത്തിന്റെ ആവേശവും തീക്ഷണതയും പ്രണയവും വിരഹവും എല്ലാം ചേർന്ന യൗവ്വനം.. ആ വരാന്തകൾ ശൂന്യതയിലേക്ക് കണ്ണും നട്ട് കാത്തുകിടക്കുകയാണ് എന്നെപോലെ കുറച്ചു പേരെയും കാത്ത്.
മനസ്സിൽ വല്ലാത്തൊരു ആഗ്രഹം ഒരിക്കൽ കൂടി ജീവിക്കണം യൗവ്വനത്തിൽ…പറയാൻ ബാക്കിവെച്ചതും,പറയുന്നുള്ളതും,തിരുത്താനുള്ളതും ആസ്വദിക്കാനുള്ളതും ഇനിയും ഒരുപാട് ബാക്കിയുണ്ട്,ഒരുപാട്…. പുറത്ത് കാർമേഘങ്ങൾ അടിപിടി കൂടുന്നു മഴ പയ്യെ കാറ്റിന്റെ താളത്തിൽ ഭൂമിയിൽ നൃത്തം ചെയ്യാൻ തുടങ്ങിയിരിക്കുന്നു… പെട്ടന്ന് ഒരാൾ വരാന്തയിലേക്ക് ഓടികയറി.. മഴയിൽ കുതിർന്ന ആ മുഖം എനിക്ക് വളരെ സുപരിചിതമാണ്..
വർഷങ്ങൾക്ക് മുൻപ് അവളോടൊപ്പം ഈ വരാന്തയിലൂടെ നടക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഞങ്ങളുടെ കണ്ണുകൾ പരസ്പരം തേടിയിരുന്നത് പോലെ അനുഭവപ്പെട്ടു ഒരു മന്ദസ്മിതത്തോടെ അവൾ എന്റെ അരികിലേയ്ക്ക് അടുത്തു.അതെ അവൾ തന്നെ ‘സുധ ‘ എന്റെ മനസിൽ വിരിഞ്ഞ ആദ്യത്തെ പനിനീർ പുഷ്പം.. പരസ്പരം സ്നേഹം പങ്കുവെച്ച നിമിഷങ്ങൾ ഞങ്ങളുടെ മനസ്സിൽ മിന്നിമറഞ്ഞു… കൈകോർത്ത് ഞങ്ങൾ പതിയെ മുറ്റത്തേയ്ക്ക് ഇറങ്ങി. മഴത്തുള്ളികൾ മുഖത്തു വന്നു പതിക്കുമ്പോൾ എന്തെന്നില്ലാത്ത ആനന്തം..ഒന്നിനെയും ഭയക്കാതെ ആരെയും ശ്രവിക്കാതെ ഞങ്ങൾക്കായി ഇങ്ങനെയൊരു ദിവസം ഞങ്ങൾക് മാത്രമായി ഒരു ദിവസം …..
അഭി.. അഭി… നേരം വെളുത്തു നിനക്ക് ഇന്ന് എവിടയോ പോവാനുണ്ട് എന്നല്ലേ പറഞ്ഞത്..പോവണ്ടേ…ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സ്വപ്നം. കണ്ണുകൾ മെല്ലെ തുറന്ന് ഞാൻ ആ സ്വപ്നത്തിൽ നിന്നും ഉണർന്നു.. വെളുപിനെ കണ്ട സ്വപ്നം ഫലിക്കും എന്നാണ്.അങ്ങനെയെങ്കിൽ ബാക്കിവെച്ചതിൽ ഏറ്റവും പ്രിയപ്പെട്ട ഒന്ന് ഇന്ന് എനിക്ക് ലഭിക്കും.അവശേഷിക്കുന്ന ഓരോ നിമിഷവും ഓരോ യുഗമാണ്. സമയം ഒട്ടും പാഴാക്കാതെ ഒരുപാട് പ്രതീക്ഷയയോടെ യാത്രയാവുകയാണ് എന്റെ പ്രിയപ്പെട്ടയിടത്തേയ്ക്ക് എന്റെ കലാലയത്തിലേക്ക്……