ഓണനിലാവ്…. ആകാശത്ത് കാർമേഘം മാറി,മുറ്റത്ത് നിഴൽ വീഴ്ത്തി ഓണനിലാവ് പടർന്നിരുന്നു

ഓണനിലാവ്…. ആകാശത്ത് കാർമേഘം മാറി,മുറ്റത്ത് നിഴൽ വീഴ്ത്തി ഓണനിലാവ് പടർന്നിരുന്നു

ഈ വർഷം ഓണം നേർത്തേ വന്നു…
കള്ള കർക്കിടകം കഴിഞ്ഞ് പിറ്റേ ആഴ്ച ഓണാത്രെ .മഴക്കാറൊക്കെ ഇത്തിരി വഴി മാറിയപോലാ .ഇടനേരങ്ങളിൽ സൂര്യൻ എത്തിനോക്കി പോകാറുണ്ട് മേഘക്കീറുകൾക്കിടയിലൂടെ .പറമ്പും വയലോരങ്ങളും പുതു നാമ്പുകൾ നീട്ടി ചിങ്ങത്തെ വരവേൽക്കാൻ തയ്യാറായതു പോലെ .ചില ദിവസങ്ങളിൽ പുലരികൾ മഞ്ഞുകണങ്ങൾ പുൽനാമ്പുകളിൽ പറ്റിപ്പിടിച്ചിരുപ്പുണ്ട് .മുറ്റത്തിന്റെ താഴെ നിന്നും ലക്‌ഷ്മിയേ എന്നുള്ള വിളികേട്ടാണ് ഇറയത്തേയ്ക്ക് ഇറങ്ങി ചെന്നത് .
അപ്പോഴേയ്ക്കും മാധവി ഇളം തിണ്ണയിൽ കുട്ടയും മുറവും ഇറക്കിവെച്ചിരുന്നു .
ന്റെ ലഷ്മിയേ ഇത്തിരി കഞ്ഞീന്റെ വെള്ളമുണ്ടേൽ താ .വല്ലാത്തൊരു ക്ഷീണം പോലെ .

മുഖം കണ്ടാൽ അറിയാം ഇന്ന് മാധവിഒന്നും കഴിച്ചിട്ടില്ല എന്ന് .ഇറയത്തേയ്ക്ക് കയറി ഇരിക്കാൻ പറഞ്ഞ് അടുക്കളയിലേയ്ക്ക് പോകുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി.ആണ്ടിൽ ഒന്നോ രണ്ടോ തവണയേ അവർ വരാറുള്ളു ഓരോ വീട്ടിലും .ഈറ്റയുടെ പുറം പനപ്പു കൊണ്ട് മെടഞ്ഞ മുറം എനിക്ക് വേണ്ടി മാറ്റിവെയ്ക്കും വരുമ്പോഴൊക്കെ.ഈ മലമടക്കിന്റെ താഴ്ത്ത് കുടിയേറി പാർത്ത അന്നുമുതലുള്ള ഒരു ആത്മബന്ധം പോലെ ഇന്നും തുടരുന്നു .മാധവിയുടെ കഴിഞ്ഞ തലമ്മുറക്കാർ തിരുവിതാംകൂർ കാരാണെത്രെ .കൂടുതലൊന്നും അറിയില്ല മാധവിയെക്കുറിച്ച് .അഞ്ചാറ് വീട്ടുകാരുണ്ട് പുഴയോട് ചേർന്ന് .തിരുവിതാംകൂറുകാരാണ് ഈ മലയോര ഗ്രാമങ്ങളിൽ മുഴുവനും .അവർ എന്നേ മോളേന്നേ വിളിക്കു .എന്നോട് ഇത്ര ഇഷ്ടം തോന്നാൻ കാരണം എന്താന്ന് ഞാൻ ചോദിച്ചിട്ടുമില്ല .ഇവിടെ വന്ന് വെറും കൈയ്യോടെ തിരിച്ചയച്ചിട്ടില്ല ഒരിക്കൽ പോലും.
ഇവിടെയും അടുപ്പ് നേരാവണ്ണം പുകഞ്ഞിട്ട് ദിവസങ്ങൾ ആയി .കലി തുള്ളി പെയ്യുന്ന കർക്കിടകത്തിൽ ആര് പണി തരാനാ .പിള്ളേരുടെ അച്ഛന് ആഴ്ചയിൽ ഒന്നോ രണ്ടോ പണി കിട്ടിയാൽ ഭാഗ്യം .ചില ആഴ്ച അതുമുണ്ടാകാറില്ല .

എങ്കിലും ഈ ആഴ്ച രണ്ട് ദിവസം പണിക്കു പോയപ്പോൾ കൊണ്ടുവന്ന അരി അടുപ്പത്ത് തിളച്ച് പത തൂകി കിടപ്പുണ്ട് . കുറച്ചൂടെ വേകാൻ ഒള്ളോണ്ട് ഇറക്കിയില്ല അടുപ്പേന്ന് .
അതിൽനിന്ന് ഇത്തിരി വറ്റും വെള്ളവും തെക്കി എടുത്ത് രണ്ടിറ്റ് ഉപ്പുനീര് ഉറ്റിച്ച്ഇളക്കികൊണ്ട് ഉമ്മറത്തേയ്ക്ക് ഇറങ്ങുമ്പോൾ മാധവി നെറ്റിയിൽ നിന്ന് പൊടിഞ്ഞിറങ്ങിയ വിയർപ്പുതുള്ളികൾ മുണ്ടിന്റെ കോന്താല പൊക്കി തുടയ്ക്കുക ആയിരുന്നു .എന്റെ കൈയ്യിലെ പിഞ്ഞാണം കണ്ടാവണം മാധവിയുടെ കണ്ണുകൾ വിടർന്നത് .അത് കണ്ടപ്പോഴെ അറിയാം അവരുടെ വിശപ്പിന്റെ ആഴം .പിഞ്ഞാണത്തിൽ കൊടുത്ത വറ്റും വെള്ളവും ഒറ്റ വായയിൽ കുടിച്ചിറക്കുമ്പോൾ പതിവില്ലാതെ ആ കണ്ണുകൾ നിറയുന്നത് കണ്ടു.കൊണ്ടുവന്ന കെട്ടഴിച്ച് ആരും കാണാതെ നടുക്ക് വെച്ചു കൊണ്ടുവന്ന മുറം വലിച്ചെടുത്ത് തരുമ്പോൾ സത്യത്തിൽ എന്റെ മനസ്സാണ് പിടച്ചത് .മാധവി ഇനി ചോദിക്കാൻ പോണത് രണ്ടിഴങ്ങരി അരിയാവും… മനസ്സിൽ ചിന്തിച്ചുതീരും മുന്നെ മാധവി ചോദിച്ചു കഴിഞ്ഞു :”മോള് ഒന്നും മറുത്ത് പറയല്ല് .
ഓണമൊക്കെ അല്ലേ വരണത് ഇത് ന്റെ ലക്ഷ്മി കൊച്ചിനായി ഞാൻ കൊണ്ടുവന്നതാ .എനിക്ക് രണ്ടിഴങ്ങരി അരി തന്നാ മതി .”അതു പറയുമ്പോൾ മാധവിയുടെ സ്വരത്തിന് ഇടറിച്ച വന്ന പോലെ .ആ ചോദ്യം കേട്ടപ്പോൾ അവരുടെ വീട്ടിൽ ഇരിക്കുന്നഎന്റെ മൂത്ത മോളുടെ പ്രായമുളള മാധവിയുടെ ഇളയ മോളുടെ മുഖമാണ് മനസ്സിൽ തെളിഞ്ഞു വന്നത് .പാവങ്ങളാണ് .ലക്ഷ്മിയേ ഞാൻ പറയണത് മോൾ കേട്ടില്ലാന്നുണ്ടോ…എനിക്ക് നാഴി അരി തന്നാ മതി മോള് ഈ മുറം എടുത്തോ .അത് കേട്ടപ്പോ സത്യത്തിൽ നെഞ്ച് പിടയും പോലെ .

കാരണം അവരേ പോലെ തന്നെ കാശില്ലാത്തവരാണ് ഞങ്ങളും .കുറച്ച് പറമ്പ് മാത്രമേ ഉള്ളു..ആധായങ്ങൾ ആയിവരണേൽ വർഷങ്ങൾ ഇനിയും കഴിയണം .മുറത്തിന്റെ മൂല പൊട്ടിയിട്ട് കുറേ ആയെങ്കിലും പുതിയതിനെക്കുറിച്ച് ചിന്തിക്കാൻ പോലും വയ്യായിരുന്നു ഇന്നത്തെ അവസ്ഥയിൽ .പക്ഷെ മാധവിയുടെ ആ കണ്ണുകളിലെ ദയനിയത കണ്ടില്ലെന്ന് നടിക്കാനും മനസ്സു വന്നില്ല .അരിക്കലത്തിലെ അരിയുടെ അളവിനെക്കുറിച്ചാരുന്നു എന്റെ മനസിലെ വേവലാതി .വീണ്ടും ഓർമ്മപ്പെടുത്തലെന്ന പോലെ മാധവി ഒന്ന് ചുമച്ചു .
എന്നിൽ നിന്നും ഒരു മറുപടിയും കിട്ടാത്തതു കൊണ്ടാവണം അഴിച്ച കെട്ടുകൾ അവർ വീണ്ടും കെട്ടാനായി ഈറ്റപനമ്പുകൾ പതിയെ കോർത്ത് വലിച്ച് കെട്ടുവാൻ തുടങ്ങിയത് .മോൾക്ക് വേണ്ടാച്ചാ വേണ്ടാട്ടോ .എല്ലാർക്കും വിഷമാമാന്ന് അറിയാം .ആരും മേടിക്കാതായപ്പോഴാ ഞാൻ മോളെ ഓർത്തത് .

ഇവിടെ വന്നിട്ട് ഇതുവരേയും വെറുങ്കയ്യോടെ പോയിട്ടില്ല അത്കൊണ്ട വന്നത്.വരിഞ്ഞു കെട്ടി മുറുക്കി തലയിലേറ്റുവാൻ പോയ മാധവിയെ തടഞ്ഞ് കെട്ട് താഴെ ഇറക്കി.നാളത്തെ കാര്യം എന്തും ആകട്ടെ ആ കുടിലിൽ ഇന്നത്തെ അന്തിയിൽ അടുപ്പ് പുകയട്ടെ എന്ന് മനസിൽകരുതി അരീം കലത്തിലെ അവശേഷിച്ച അരിയിൽ നിന്ന് മോന്തിക്കുള്ള അരി മാറ്റി വെച്ച് ബാക്കിയുള്ള അരി തൂത്തെടുത്ത് അളന്നപ്പോൾ ഭാഗ്യമെന്ന് പറയാം..ഇടങ്ങഴി അരിയിൽ കൂടുതലുണ്ട്.നാളത്തെ കാര്യത്തിന് തമ്പുരാൻ ഒരു വഴി കാട്ടിത്തരാതിരിക്കില്ല .ഇന്ന് ആ കടുംബത്തിൽ അടുപ്പിലെ തീ പുകയട്ടെ.

തോളത്തു കിടന്ന തുവർത്ത് ഇളന്തിണ്ണയിൽ വിരിച്ചിട്ടു അതിലേയ്ക്ക് അരി ഇട്ടു കെടുക്കുമ്പോൾ മാധവി ചേച്ചി മുറവും ഒരു ചോറ്റു കുട്ടയും എടുത്ത് ഇറയത്തെ അരമതിലിൽ വെച്ചു .ഈ ചോറ്റു കുട്ട വാങ്ങാനുള്ള പാങ്ങില്ല എനിക്ക് ഒരു മുറം മാത്രം മതി.ചോറ്റു കൊട്ട വേണ്ടാന്ന് പറഞ്ഞ് എടുത്തു കൊടുത്തിട്ടും മാധവി വാങ്ങാൻ കൂട്ടാക്കിയില്ല .
മോൾക്ക് എപ്പോഴാ ഇതിന്റെ കാശ് തരാൻ പാങ്ങാകുന്നേ അന്ന് തന്നാ മതി .

അല്ലേൽ തുലാകപ്പ വിളയുമ്പോ ഒരു വട്ടി കപ്പാതന്നാച്ചാലും കുഴപ്പില്യാ .തിരികെ ഇതൊക്കെ കൊണ്ടുചെന്ന് വീടിന്റെ മൂലയിൽ അട്ടി ഇട്ടിട്ട് എന്ത് കിട്ടാനാ .
ഓണമൊക്കെ വന്നടുത്തില്ലെ.പുതിയ കുട്ടയിൽ ഈ പ്രാവശ്യം ചോറ് ഊറ്റിക്കോ .തോർത്തിന്റെ മൂലയിൽ അരി കെട്ടിഭദ്രമായി കുട്ടയിൽ വെക്കുന്നതിനിടയിൽ മുറുക്കി ചുമപ്പിച്ച് കറ പുരണ്ട പല്ല് കാട്ടിച്ചിരിച്ച് മാധവി പറയുമ്പോൾ അവരുടെ മുഖത്ത് കണ്ട സന്തോഷം അതിരില്ലാത്തതായിരുന്നു .ഒട്ടിയ വയറ്റിൽ ഞാൻ കൊടുത്ത ഇത്തിരി വറ്റും വെള്ളവുമേ ഒള്ളു .പടി ഇറങ്ങും നേരം എനിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല .

മാധവിയേ ഓണത്തിന്റെ രണ്ട് നാൾ മുമ്പ് ഇത്തറ്റം ഒന്ന് വന്നോളുട്ടോ .ഒള്ളതിന്റെ ചെറിയ ഒരു പങ്ക് ങ്ങക്കായ് ഞാൻ മാറ്റി വെക്കാം .തലയിലെ കെട്ടുമായി തിരിഞ്ഞു നോക്കുമ്പോ ആ കണ്ണുകളിൽ നിറഞ്ഞു കണ്ട സ്നേഹത്തിന്റെ പ്രാർത്ഥന മതി എന്റെ കുട്ടിയോൾക്ക് നല്ലത് വരാൻ .പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹ വായ്പ്പെന്നപോലെ അവർ ഒന്നും പറയാതെ പടി ഇറങ്ങി ഇടവഴിയിലേക്ക് നടന്നു മറഞ്ഞു .
അത്താഴം കഴിക്കാൻ പിള്ളേരുടെ അച്ഛൻ ഇരുന്നപ്പോൾ പകലത്തെ കഥകൾ ഓരോന്നായി പറഞ്ഞു .
എല്ലാം മൂളികേട്ട് പാത്രത്തിന്റെ അരുകിൽ എനിക്കുള്ള ഒരു പങ്ക്കഞ്ഞി ബാക്കി വെച്ച് എണീക്കുമ്പോൾ ഇത്രയും പറയാൻ മറന്നില്ല .

അവര് പാവങ്ങളാ നമ്മൾ എത്ര വിശപ്പറിഞ്ഞവരാ ലക്ഷ്മികുട്ട്യേ…അവര് ഇന്ന് അത്താഴം കഴിക്കുമ്പോ നമ്മൾക്കായി പ്രാർത്ഥിക്കാതിരിക്കില്ല.നീ ചെയ്ത പുണ്യത്തിന്റെ ഭലം മ്മടെ മക്കക്ക് കിട്ടിക്കോളൂന്ന് .സത്യത്തിൽ മാധവിയുടെ കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണീരിനേക്കാൾ ഇപ്പോൾ എന്റെ കണ്ണുകളാണ് നിറഞ്ഞത് .
ഒരു നേരത്തെ വിശപ്പിന്റെ വില അറിയാത്തവർ ആരുമില്ല..

പുറത്ത് ആകാശത്ത് കാർമേഘം മാറി .
മുറ്റത്ത് നിഴൽ വീഴ്ത്തി ഓണനിലാവ് പടർന്നിരുന്നു .എന്റെ മനസ്സിലും…