ദളപതിയുടെ മകൻ അരങ്ങേറ്റം കുറിക്കുന്ന സിനിമയിൽ വില്ലനായി വിജയ് സേതുപതി!
തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംഷയുടെ കാത്തിരുന്ന ആ വാർത്ത സത്യമാകുന്നു. ദളപതി വിജയുടെ മകൻ സഞ്ജയ് നായകനായി അരങ്ങേറ്റം കുറിക്കുന്നു. തെലുഗ് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അനന്തരവൻ പഞ്ച വൈഷ്ണവ് തേജിന്റെ ആദ്യ ചിത്രമായ “ഉപ്പേന” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ റീമേക്കിലാണ് സഞ്ജയ് നായകനായി എത്തുക. മറ്റൊരു സർപ്രൈസ് എന്താണെന്ന് വെച്ചാൽ ഈ രണ്ട് ചിത്രങ്ങളിലും വില്ലനായി എത്തുന്നത് സാക്ഷാൽ മക്കൾ സെൽവൻ വിജയ് സേതുപതിയാണ്.
തെലുങ്കിൽ നവാഗത സംവിധായകൻ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശവും വിജയ് സേതുപതി സ്വന്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിത്രം തമിഴിലേക്ക് റീമക്ക് ചെയ്യുമ്പോൾ വിജയുടെ മകൻ നായകൻ ആകുന്നു എന്ന വാർത്തയും വന്നിരിക്കുന്നത്. നിലവിൽ “കൈതി” യ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന “മാസ്റ്റർ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിയായിരുന്നു ദളപതിയും, മക്കൾ സെൽവനും. മാസ്റ്ററിലും വിജയ് സേതുപതി തന്നെയാണ് വില്ലൻ വേഷത്തിലെത്തുന്നത്.
മാസ്റ്ററിന്റെ സെറ്റിൽ വെച്ച് തന്നെ വിജയുമായി, വിജയ് സേതുപതി ചർച്ചകൾ നടത്തിയിട്ടുണ്ട് എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തന്റെ മകന്റെ അരങ്ങേറ്റത്തിന് ഏറ്റവും അനുയോജ്യമായ തിരക്കഥയായി “ഉപ്പേന” യേ വിജയ് വിലയിരുത്തിയതായിട്ടാണ് അറിയുന്നത്. വിജയുടെ മകൻ ജേസൺ സഞ്ജയിനെ നായകനാക്കി ചിത്രമൊരുക്കാൻ പ്രശസ്ത സംവിധായകൻ എ ആർ മുരുഗദോസ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മികച്ച തിരക്കഥയ്ക്ക് വേണ്ടി കാത്തിരിപ്പിലായിരുന്നു താരം.
ചിത്രത്തെ പറ്റിയുള്ള കൂടുതൽ ഔദ്യോഗിക വിശദീകരണങ്ങൾ ഉടൻ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം. സഞ്ജയ് ഇപ്പോൾ കാനഡയിൽ ചലച്ചിത്ര നിർമ്മാണം പഠിക്കുകയാണ്. മുൻപ് വിജയ് നായകനായി അഭിനയിച്ച “വേട്ടക്കാരൻ” എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അച്ഛനൊപ്പം സഞ്ജയ് സ്പെഷ്യൽ അപ്പിയറൻസിൽ എത്തിയിരുന്നു. അതിന് ശേഷം ലോകമെമ്പാടുമുള്ള വിജയ് ആരാധകരെല്ലാം സഞ്ജയുടെ അടുത്ത വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്.
എന്തായാലും തമിഴകത്തിൽ വിജയ് സേതുപതിയുടെ വില്ലൻ വേഷമാണ് ഇപ്പോൾ കൂടുതൽ ട്രെൻഡിങ്ങായി നിൽക്കുന്നത്. മാസ്റ്ററിൽ അച്ഛന്റെ വില്ലനായും, ഇനി മകന്റെ വില്ലനായും മക്കൾ സെൽവൻ എത്തുന്നതും കാണാൻ കട്ട വൈറ്റിംഗിലാണ് ആരാധകർ.