ഇണക്കത്തിൽ പ്രണയം നിറഞ്ഞ സുന്ദര കഥ – Malayalam Story

ഇണക്കത്തിൽ പ്രണയം നിറഞ്ഞ സുന്ദര കഥ – Malayalam Story

“ഇണ”ക്കം…..

രാത്രിയിൽ ഭാര്യയുമായി പിണങ്ങി പുറത്തിറങ്ങി രാമേട്ടന്റെ തട്ടുകടയിലേക്ക് നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു, ഇന്നൊരു ദിവസം അവൾ ഒറ്റക്ക് കിടക്കട്ടെ എന്നാലെ അവള് പഠിക്കൂ.

രാമേട്ടനോട് ഒരു ചായക്ക് പറഞ്ഞിട്ട് അയാള്‍ ദൂരെ, വീട്ടിലെ അരണ്ട വെളിച്ചത്തിലേക്ക് നോക്കി നിന്നു.

ചായ കൊടുക്കുമ്പോൾ രാമേട്ടൻ ചോദിച്ചു എന്തേ പതിവില്ലാതെ തണുപ്പിന് ഈ നേരത്ത്.

അയാൾ പറഞ്ഞു, അവളെ കൊണ്ട് വല്ലാത്ത ശല്യം തന്നെയാ എന്നും ഓരോ പ്രശ്നം ഉണ്ടായിക്കൊണ്ടേയിരിക്കും.

താനെന്നേ നടന്നു മറന്ന വഴികളിലൂടെയാണ് ഇയാളുടേയും യാത്ര എന്ന് രാമേട്ടന് അപ്പോള്‍ തോന്നി.

വൃദ്ധനായ രാമേട്ടൻ പറഞ്ഞു, എന്റെ ഭാര്യ മരിച്ചിട്ട് എട്ടു വര്‍ഷമായി. ഞങ്ങളും ഇങ്ങിനെയൊക്കെ തന്നെ ആയിരുന്നൊടോ.

“അവള് പോയപ്പോഴാണ് എനിക്കവളുടെ വില മനസ്സിലായത്.
നീ ഒന്ന് ആലോചിച്ച് നോക്കിക്കേ, അവളില്ലാത്ത നിന്റെ ജീവിതത്തത്തെ കുറിച്ച്.

പെതുവേ എല്ലാവരോടും വേദാന്തം പറയുന്ന രാമേട്ടന്റെ ശബ്ദം, ഒരു തണുത്ത കാറ്റിൽ അയാളെ കടന്നു പോയെങ്കിലും, വാക്കുകൾ മനസ്സിലൊരു മാറ്റൊലിയായ് മുഴങ്ങിയപ്പോൾ അയാളിൽ ചിന്തകളുടെ നുഴഞ്ഞ് കയറ്റം വരി വരിയായ് നിന്നു.

നാല് വർഷങ്ങളായിട്ട് ഒരു കുഞ്ഞിന് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്, കൗണ്ട് ടെസ്റ്റുകളിൽ നിരാശപ്പെടുത്തിയ എന്റെ റിസൾട്ടുകളെ, പ്രാർത്ഥനകളും വഴിപാടുമായി എന്നെ ഹൃദയത്തിലാണയിട്ട് ഉറപ്പിച്ചവൾ.

അയാള്‍ പലതും സങ്കല്പിച്ചു നോക്കി അയാളുടെ കണ്ണില്‍ നിന്നും കണ്ണീരു വന്നുപോയി, ചായയുടെ പൈസയും കൊടുത്ത് അയാള്‍ വീട്ടിലേക്ക് നടന്നു.

ദൂരെ നിന്ന് നോക്കുമ്പോൾ തന്നെ അയാള്‍ കണ്ടു ഭാര്യ ഒരു രോമക്കുപ്പോയവും പിടിച്ച് മുറ്റത്ത് നില്‍ക്കുന്നു.

അയാളെ കണ്ട ഉടനെ ധൃതിയിൽ മുന്നോട്ടാഞ്ഞ്, അവള് ചോദിച്ചു എന്തേ.. നിങ്ങള് ജാക്കറ്റൊന്നും ഇടാതെ ഈ തണുപ്പിന് പുറത്ത് പോയത്.

അല്ലേലും അവളൊരു ഓന്ത് ജന്മമാണ് അയാൾ ഓർത്തു.
അയാള് ചോദിച്ചു നീയെന്തിനാ ജാക്കറ്റൊന്നും ഇടാതെ ഇവിടെ കാത്തുനില്ക്കുന്നത്.

ചെറിയ പരാതിയിന്മേൽ, ആരാദ്യം മിണ്ടും എന്ന കാത്തിരിപ്പില്ലാതെ
വലിയ സ്നേഹപ്പെരുമഴക്കൊരുങ്ങി കർണ്ണപടങ്ങളിൽ ശബ്ദസാനിദ്ധ്യം അറിയിച്ചു കൊണ്ട് ഒരു തണുത്ത കാറ്റ് അവരെ കടന്നു പോയി.

ആ നിമിഷം അവർ കണ്ണുകള്‍ കൊണ്ട് പ്രണയിക്കുകയായിരുന്നു.

ദാമ്പത്യം, അതിനൊരു കുളിരുള്ള സുഖമുണ്ട്. അത് എന്നും സന്തോഷമായി തന്നെ ഇരിക്കട്ടെ

— അനിൽ