അച്ഛൻ – തിരിച്ചറിവിന്റെ തണൽ | MalayalamStory

അച്ഛൻ – തിരിച്ചറിവിന്റെ തണൽ | MalayalamStory

നാലുവർഷം ഒരുമിച്ചൊരു വീട്ടിലുണ്ടായിട്ടും കൂടെയുള്ള ഒരാളോട് നിങ്ങൾ മിണ്ടാതിരുന്നിട്ടുണ്ടോ…?

തമ്മിൽ കാണുമ്പോൾ കണ്ണുകൾ അറിയാതുടക്കുമ്പോൾ അപരിചതരെപോലെ കണ്ടില്ലെന്ന് നടിച്ച് പോകേണ്ടി വന്നിട്ടുണ്ടോ…?ഇല്ലെങ്കിൽ എനിക്കങ്ങനെയും അനുഭവമുണ്ട് ഞാനും എന്റെ അച്ഛനും….”ചേച്ചിയുടെ വിവാഹത്തോടെയാണ് വീട്ടിൽ ശരിക്കും ഞങ്ങൾ ഒറ്റപ്പെട്ടത്….പതിനഞ്ചാം വയസ്സിൽ അമ്മ നഷ്ടപ്പെട്ടപ്പോൾ ഒരമ്മയുടെ സ്നേഹവും പരിചരണവും ശാസനയും നൽകി ചേച്ചികൂടെ ഉണ്ടായിരുന്നത് കൊണ്ട് ആ വിഷമം അത്രക്ക് അറിഞ്ഞിരുന്നില്ല….
ആ…പതിനേഴുകാരിയുടെ പക്വത കണ്ട് ഞാൻ പലപ്പോഴും അതിശയിച്ചിട്ടുണ്ട്….?

അമ്മയുള്ളപ്പോൾ മടിച്ചിയായിരുന്ന ചേച്ചിക്ക് ഇത്ര പെട്ടെന്നെങ്ങനെ മാറാൻ പറ്റി എന്നത് ശെരിക്കും ഒരു അത്ഭുതമായിരുന്നു….അമ്മയുടെ മരണ ശേഷം ഞങ്ങൾക്ക് താങ്ങാവേണ്ടിയിരുന്ന അച്ഛൻ മദ്യത്തിനടിമപ്പെട്ടപ്പോൾ അച്ഛനെ തന്റെ സ്ഥാനം പോലും മറന്ന് ശാസിച്ചിരുന്നു ചേച്ചി…..കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനത്തിൽ പാതി മദ്യത്തിനായി പോയപ്പോൾ രണ്ടു പേരുടെ പഠിപ്പും വീട്ടു ചിലവും നടത്താൻ ചേച്ചിനന്നെ പാടുപെട്ടു….
ഒടുവിൽ സ്വന്തം പഠനം പാതിയിലുപേക്ഷിച്ച് ഈ അനിയനു വേണ്ടി ചേച്ചി വഴിയൊതുങ്ങിയപ്പോൾ തുടങ്ങിയതാണ് അച്ഛനോടുള്ള ദേഷ്യം….മദ്യലഹരി അച്ഛന്റെ സിരകളിൽ അളവിൽ അധികം വേണ്ടി വന്നപ്പോൾ വീട്ടിൽ പട്ടിണിയില്ലാതിരിക്കാൻ തയ്യൽ മെഷീനെ കൂട്ടുപിടിച്ചിരുന്നു ചേച്ചി……

കൂട്ടുകാരോടൊപ്പം സ്കൂൾ വിട്ടു വരുമ്പോൾ ബാറിനടുത്ത ആളൊഴിഞ്ഞ കടത്തിണ്ണയിൽ ഉടുത്തിരുന്ന തുണിയെ സ്വതന്ത്രനാക്കി തുളവീണ വരയൻ നിക്കറും കാട്ടി രാജകീയമായി ഉറങ്ങുന്ന ഒരാളെ കാട്ടി “ദാണ്ടെടാ, ഇവന്റെ അച്ഛനാ അത് ” എന്നുറക്കെ വിളിച്ച് പറഞ്ഞവർ കളിയാക്കുമ്പോഴും തലയും താഴ്ത്തി നടന്നിട്ടേ ഉള്ളു….

കൂട്ടുകാരുടെ പരിഹാസം അതൊരു തുടർകഥയായപ്പോൾ പഠനമെന്ന സ്വപ്നം പ്ലസ്സ് ടു എന്നത് മുഴുമിക്കാതെ നിർത്തേണ്ടി വന്നു…..അന്നത്തോട് കൂടെ അച്ഛനെന്ന ജന്മം ശത്രുവായി മാറുകയായിരുന്നു….
എളുപ്പം നേടിയെടുക്കാൻ പറ്റുന്ന ജീവിതമാർഗം വളയം പിടിക്കലാണെന്ന തിരിച്ചറിവിൽ ജോലിയായ ഡ്രൈവിംഗ് ഒരു ലഹരിയായി മാറ്റുകയായിരുന്നു……
അപകടം നിറഞ്ഞ പാറമടകളിൽ കൂടെ വണ്ടി ഓടിക്കുമ്പോൾ ജീവിക്കാനും ജീവിതത്തിൽ എന്തും നേരിടാനും ഉള്ള കരുത്തും നേടുകയായിരുന്നു. സന്ധ്യ നേരത്ത് കൂട്ടുകാരോടോത്ത് വീട്ടിലിരുന്ന് മദ്യപിക്കുന്ന അച്ഛന്റെയും കൂട്ടരുടെയും മദ്യക്കുപ്പി വലിച്ചെറിഞ്ഞ് ഇനി ഇവിടെ ഇതാവർത്തിച്ചാൽ ഇതുപോലെ തൂക്കിയെടുത്ത് വെളിയിലെറിയും എല്ലാത്തിനെയും എന്ന് അച്ഛനെയും കൂട്ടരെയും നോക്കി പറയാനുള്ള കരുത്തും കിട്ടിയതങ്ങനെയാണ്.അന്നായിരുന്നു അച്ഛനോടവസാനമായി മിണ്ടിയത്…..

പിന്നീട് നേരിട്ടുള്ള കാഴ്ചകൾ തന്നെ അപൂർവ്വമായിരുന്നു.അച്ഛനോടുള്ള വാശി കൊണ്ട് ഇടിഞ്ഞ് പൊളിയാറായ വീട് പുതുക്കി പണിതതും തുടർന്ന് ഉടനെ തന്നെ പെങ്ങളുടെ ഒരു കല്യാണക്കാര്യം ഉറപ്പിച്ചതും,
ഒരിക്കലും അച്ഛന്റെ സഹായമില്ലാതെ ഇതെല്ലാം ചെയ്യാൻ ആണൊരുത്തൻ ഈ വീട്ടിലുണ്ടെന്ന് അച്ഛനെ കാണിക്കാനുള്ള ആവേശം കൂടിയായിരുന്നു…..

കടങ്ങൾ എത്രയുണ്ടായാലും അധ്വാനിച്ച് വീട്ടാമെന്ന മനക്കരുത്ത് മാത്രമായിരുന്നു കൂട്ടിന്.കൂട്ടുക്കാർ കടംതരാമെന്ന് പറഞ്ഞ വിശ്വാസത്തിൽ ബ്ലെയ്ഡ്കാരനിൽ നിന്നും വാങ്ങിയ രണ്ടു ലക്ഷം ഒരാഴ്ച്ചകൂടെ കഴിഞ്ഞെ തരാൻ പറ്റുവെന്ന് പറയാൻ ചെന്നപ്പോഴാണ് തന്നെ ഞെട്ടിച്ചു കൊണ്ട് അയാളത് പറഞ്ഞത് പൈസ അച്ഛൻ അടച്ചു എന്ന്.ഇത്രയും പണം അച്ഛനെവിടന്ന് കിട്ടി എന്നറിയാൻ ഒരു ആകാംഷ തോന്നി ഉടനെ ചേച്ചിയെ വിളിച്ചപ്പോഴാണ്മറ്റൊരു സത്യം തിരിച്ചറിയുന്നത്.കല്ല്യാണത്തിന് സ്വർണ്ണം വാങ്ങാൻപോയപ്പോൾ ചേച്ചി അധ്വാനിച്ചുണ്ടാക്കിയതാണെന്നും പറഞ്ഞ് തനിക്കന്ന് തന്ന ആ ഒരു ലക്ഷവും അച്ഛൻ കൊടുത്തതാണ്.തങ്ങളറിയാതെ അച്ഛന് ഒരു ചിട്ടിയുണ്ടായിരുന്നുവെന്നും അപ്പോഴാണറിഞ്ഞത്…

അതും കൂടാതെ നാല് മാസമായിട്ട് അച്ഛൻ മദ്യം കഴിക്കാറില്ലെന്നൂടെ കേട്ടപ്പോൾ ഒട്ടും വിശ്വസി ക്കാൻ പറ്റിയില്ല. അച്ഛന്റെ ഒരു കാര്യവും തന്നോട് പറയരുതെന്ന് ചേച്ചിയെ വിലക്കിയിരുന്നു അച്ഛൻ.ഞാൻ വീട്ടിലേക്ക് ചെന്നു കയറുമ്പോൾ എന്റെയും അച്ഛന്റെയും ഡ്രസ്സുകളൊക്കെ കഴുകി മുറ്റത്ത് കെട്ടിയിരിക്കുന്ന അഴയിൽ വിരിക്കുന്ന അച്ഛനെയാണ് കണ്ടത് …..അയൽവീട്ടിലെ രാധചേച്ചിയെ മാസം ഒരു തുക പറഞ്ഞ് ഇതെല്ലാം ചെയ്യാൻ ഉറപ്പിച്ചതായിരുന്നു .ചേച്ചിയോട് ചോദിച്ചപ്പോഴാണ് ഒരു ദിവസം മാത്രമെ ചേച്ചി ചെയ്യ്തുള്ളുവെന്നും പിറ്റെ ദിവസം വന്ന ചേച്ചിയോട് അച്ഛന് ചെയ്യാനുള്ള പണികളുള്ളു ഇനി വരണ്ട എന്നച്ഛൻ പറഞ്ഞു എന്നതറിഞ്ഞത്…ഇത്ര ദിവസവും അച്ഛൻ വച്ചിരുന്ന ഭക്ഷണം കഴിച്ചും അച്ഛൻ അലക്കി മടക്കിയ ഡ്രസ്സുമിട്ടുമാണ് താൻ നടന്നിരുന്നതെന്നറിഞ്ഞതപ്പോഴാണ്……

പണ്ടെങ്ങോ നഷ്ടമായ തന്റെ അച്ഛനെ തിരികെ കിട്ടുകയാണെന്ന സന്തോഷത്തിൽ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ വൈകിട്ടത്തേക്കുള്ള കറിവയ്ക്കുന്ന തിരക്കിലായിരുന്നു അച്ഛൻ…..
ഒരു പാട് നാളുകൾക്ക് ശേഷം ഞാൻ ഒരുപാട് സ്നേഹത്തോടെ അദ്ദേഹത്തെ അച്ഛാ എന്ന് വിളിച്ചു. എന്നെ വിശ്വാസം വരാതെനോക്കിയ ആ കണ്ണുകളിൽ ചെറുനനവ് കാണാൻ എനിക്ക് സാധിച്ചു.ആ കൈകളിൽ പിടിച്ച് നേഞ്ചോട്‌ ചേർത്തപ്പോഴും പൊട്ടി കരച്ചിലിനൊപ്പം പറയുന്നുണ്ടായിരുന്നു ദേഹംമൊത്തം വിയർത്തിരിക്കാ മോനെ വിയർപ്പ് നാറ്റമുണ്ടാകുമെന്ന്…..അച്ഛൻ എന്നോട് മനസ് തുറന്നു.ജീവന്റെ പാതിയായി കൂടെ ഉണ്ടായിരുന്ന അമ്മ മരിച്ചപ്പോൾ അച്ഛന് അത് മാനസീകമായി താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു.

മദ്യമാണ് അച്ഛനൽപ്പം ആശ്വാസം നൽകിയത് .മനസ്സിന്റെ താളം തെറ്റിയ ആ ഒരവസ്ഥയിൽ മക്കളെ മറന്ന് മദ്യപിച്ചു നടന്നു…ഒരോ കുറ്റവും ഏറ്റ്പറഞ്ഞ് തന്നോട് ക്ഷമ ചോദിക്കുന്ന അച്ഛനെ കണ്ടപ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ അച്ഛൻ മാറുന്നത് ഞാൻ കണ്ടു.

ആ കണ്ണിർധാരകൾ തുടച്ച്,നര വീണ താടിരോമങ്ങളടങ്ങിയ കവിളിൽ ഒരുമ്മ കൊടുത്ത് ആ തോളിൽ കൈ ഇട്ടു ചേർത്ത് പിടിച്ചപ്പോൾ ഇനി എന്തിനും ഏതിനും കൂടെ എനിക്കെന്റെ അച്ഛനുണ്ടെന്ന ഒരഹങ്കാരമുണ്ടായിരുന്നു……പലപ്പോഴും നമ്മൾ തിരിച്ചറിയാതെ പോകുന്ന നിമിഷങ്ങൾ ഇങ്ങനെയാണ്.. അവ ഒരുപാട് നൊമ്പരവും സന്തോഷവും ഒരുപോലെ സമ്മാനിക്കും…